അഴിമതി കൊടികുത്തി വാഴുന്ന വകുപ്പ് എന്ന് ദുര്‍പേരുള്ള  രജിസ്‌ട്രേഷന്‍ വകുപ്പ് വിജിലന്‍സിന്റെ കണക്കില്‍ അഴിമതിയില്‍ പുറകില്‍; കൈക്കൂലി പാപികള്‍ ഏറെയുള്ളത് തദ്ദേശത്തില്‍; മേയര്‍മാരും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും അറിയാന്‍ 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഴിമതിക്കാര്‍ കൂടുതലുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പില്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 304 തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളായുണ്ട്. പുതുതായി ചുമതലയേറ്റ തദ്ദേശ ഭരണ അധികാരികളുടെ കണ്ണ് പതിയ്‌ക്കേണ്ടതാണ് ഈ വിഷയത്തില്‍. അഴിമതിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം റവന്യൂ വകുപ്പിനാണ്- 195 പേരാണ് പ്രതികള്‍. 50 പേര്‍ പ്രതികള്‍ ആയിട്ടുള്ള പൊതുമരാമത്ത് വകുപ്പ് മൂന്നാം സ്ഥാനത്തും 49 ഉദ്യോഗസ്ഥര്‍ പ്രതികളായുള്ള വനം വകുപ്പ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
വിജിലന്‍സ് കേസുകളില്‍ പ്രതികളായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 40 ആണ്. മോട്ടോര്‍ വാഹന വകുപ്പിലെ 45 ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പിലെ 33 പേരും വിജിലന്‍സ് കേസുകളില്‍ പ്രതികളാണ്. ആരോഗ്യവകുപ്പ്, പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ദേവസ്വം വകുപ്പ്, എക്‌സൈസ് വകുപ്പ്, കൃഷിവകുപ്പ് എന്നിവയൊന്നും അഴിമതിയുടെ കാര്യത്തില്‍ പുറകിലല്ല എന്നാണ് കേസില്‍ പ്രതികളായുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കാണിക്കുന്നത്. ആരോഗ്യവകുപ്പിലെ 37 പേരും പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ 32 പേരും ദേവസ്വം വകുപ്പിലെ 20 പേരും എക്‌സൈസിലെ 26 പേരും കൃഷിവകുപ്പിലെ 24 പേരും വിജിലന്‍സ് കേസുകളില്‍ പ്രതികളായുണ്ട്.
അഴിമതി കൊടികുത്തി വാഴുന്ന വകുപ്പ് എന്ന് ദുര്‍പേരുള്ള  രജിസ്‌ട്രേഷന്‍ വകുപ്പ് വിജിലന്‍സിന്റെ കണക്കില്‍ അഴിമതിയുടെ കാര്യത്തില്‍ പുറകിലാണ്. കേസില്‍ പ്രതികള്‍ ആയിട്ടുള്ള 15 ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ വകുപ്പില്‍ ഉള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 1075 ഉദ്യോഗസ്ഥരാണ് വിജിലന്‍സ് കേസുകളില്‍ പ്രതികളായിട്ടുള്ളത്.എന്നാല്‍  പ്രതികള്‍ ആകാതെ അന്വേഷണം നേരിടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരും.
 ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി തടയുന്നതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തി വരുന്നത്. ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റ ശേഷം ഈ പ്രവര്‍ത്തനങ്ങ ള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡോസിയര്‍ ആന്‍ഡ് സസ്‌പെക്ടഡ് ഓഫീസേഴ്‌സ് സര്‍വീസ് ഷീറ്റ് മാനേജ്‌മെന്റ് സിസ്റ്റം (ഡി എസ് എം എസ് )എന്ന പേരില്‍ വിജിലന്‍സ് ഓഫീസുകളില്‍ പ്രത്യേകം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള അഴിമതിക്കാരെ മാത്രമല്ല സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിക്കാര്‍ക്കെതിരെയും ശക്തമായ നടപടികളാണ് ഇപ്പോള്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.നേരത്തെ കേന്ദ്രസര്‍ക്കാര്‍  ജീവനക്കാരെ സംസ്ഥാന വിജിലന്‍സ് ഒഴിവാക്കുകയായിരുന്നു രീതി.  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികള്‍ ആയിട്ടുള്ള എട്ടു കേസുകള്‍ സംസ്ഥാന വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര സര്‍വകലാശാല, സി ഐ എസ് എഫ്,തൊഴില്‍ വകുപ്പ്, റെയില്‍വേ സംരക്ഷണ സേന സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഈ കേസുകളിലെ പ്രതികള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.