ആര്‍.സി.സിയിലെ നഴ്സിംഗ് നിയമന തട്ടിപ്പില്‍ നടപടി ! റാങ്ക് ലിസ്റ്റ് റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനന്തരവള്‍ക്ക് ഒന്നാം റാങ്ക് നല്‍കി തട്ടിപ്പ്‌

തിരുവനന്തപുരം : റീജനല്‍ ക്യാന്‍സര്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള നിയമന നടപടികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഈ പട്ടിക പ്രകാരം ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും അടിയന്തരമായി പിരിച്ചുവിടാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ആര്‍.സി.സി ചീഫ് നഴ്സിംഗ് ഓഫീസര്‍ ആര്‍. ശ്രീലേഖയാണ് ഈ ക്രമക്കേടുകള്‍ക്ക് പിന്നിലെന്ന് അന്വേഷണ സമിതി കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചത് ശ്രീലേഖയുടെ അനന്തരവള്‍ക്കായിരുന്നു. രണ്ടാം റാങ്ക് ലഭിച്ചതാകട്ടെ ശ്രീലേഖയുടെ മകളുടെ അടുത്ത സുഹൃത്തിനും.പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത് സി.എന്‍.ഒ നേരിട്ടായിരുന്നു. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്കായി ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരസൂചികയില്‍ ഗുരുതരമായ പിഴവുകളുണ്ടായിരുന്നു. ഇത് യോഗ്യരായ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും മാര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമായി.

സ്വന്തം ബന്ധുക്കള്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ സെലക്ഷന്‍ നടപടികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചട്ടം ലംഘിച്ച് ശ്രീലേഖ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമായി. തന്റെ ബന്ധുക്കള്‍ക്ക് അഭിമുഖത്തില്‍ പരമാവധി മാര്‍ക്ക് (12/12) നല്‍കി വിജയിപ്പിച്ചു.

ബന്ധുക്കള്‍ പരീക്ഷാര്‍ത്ഥികളാണെന്ന വിവരം അധികൃതരില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവെച്ചത് ക്രിമിനല്‍ കുറ്റമായി സമിതി വിലയിരുത്തി.2025 ഒക്ടോബര്‍ 10-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പൂര്‍ണ്ണമായും സര്‍ക്കാര്‍ റദ്ദാക്കി.ശ്രീലേഖയ്ക്കെതിരെയുള്ള അഴിമതിയെക്കുറിച്ചും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനെക്കുറിച്ചും അന്വേഷിക്കാന്‍ കേസ് വിജിലന്‍സിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തു.

സ്വതന്ത്ര ഏജന്‍സികളായ എ.ഐ.ജി, സി.ഐ.ഡി അല്ലെങ്കില്‍ എന്‍.ബി.എസ് എന്നിവ വഴി ഒരാഴ്ചയ്ക്കകം പുനഃപരീക്ഷ നടത്താനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ആര്‍.സി.സി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍പ് പരീക്ഷ എഴുതിയ യോഗ്യരായ 319 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടല്‍ വഴി വി.പി.എ. മുഹമ്മദ് അന്‍വര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ ഉണ്ടായത്. 2013-ലും സമാനമായ രീതിയില്‍ നിയമന തട്ടിപ്പ് ആരോപണം നേരിട്ടിരുന്ന ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.