തിരുവനന്തപുരം : കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. സസ്‌പെന്‍ഷന് പുറമെ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ നല്ല നടപ്പ് പരിശീലനത്തിനായി തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കാനും തീരുമാനിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാറിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. സിവില്‍ ഡ്രസ്സിലായിരുന്ന ഇവര്‍ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് മദ്യപിച്ചത്. എന്നാല്‍ ഈ സമയം ഇവര്‍ ഡ്യൂട്ടിയിലായിരുന്നു എന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.
സ്റ്റേഷനില്‍ എത്തിയ ഒരാള്‍ ഉദ്യോഗസ്ഥര്‍ കാറിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു നല്‍കുകയുമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും പ്രമുഖ ചാനലുകളിലും വന്നതോടെ വൈറലാവുകയായിരുന്നു. ‘ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടി’ എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന് ശേഷം കൂടുതല്‍ ശിക്ഷാ നടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായേക്കും.


അഞ്ച് തവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായിരുന്ന ‘ദാദ’ ഇനിയില്ല! ആരായിരുന്നു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത് പവാര്‍
എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ സല്‍പ്പേരിന് വെള്ളാപ്പള്ളിയുമായുള്ള ബന്ധം കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തല്‍; സമദൂരവും സത്വവും പണയപ്പെടുത്താനില്ല; എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറിയത് അഞ്ച് നിര്‍ണ്ണായക കാരണങ്ങളാല്‍





