എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ സല്‍പ്പേരിന് വെള്ളാപ്പള്ളിയുമായുള്ള ബന്ധം കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തല്‍; സമദൂരവും സത്വവും പണയപ്പെടുത്താനില്ല; എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറിയത് അഞ്ച് നിര്‍ണ്ണായക കാരണങ്ങളാല്‍

ചങ്ങനാശ്ശേരി: കൊട്ടിഘോഷിക്കപ്പെട്ട എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരാഴ്ച തികയും മുന്‍പ് തകര്‍ന്നടിഞ്ഞത് കേരള രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാകുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്ത്രമെന്ന് വിലയിരുത്തപ്പെട്ട ഈ ഐക്യനീക്കം പരാജയപ്പെടാന്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്‍എസ്എസിന്റെ പ്രഖ്യാപിത നയമായ ‘സമദൂര’ സിദ്ധാന്തത്തില്‍ വിള്ളല്‍ വീഴുമെന്ന ആശങ്കയാണ് ഇതില്‍ പ്രധാനം. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനും എന്‍ഡിഎ ഘടകകക്ഷി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന എസ്എന്‍ഡിപിയുമായി കൈകോര്‍ക്കുമ്പോള്‍ എന്‍എസ്എസിന് അതിന്റെ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാട് കാത്തുസൂക്ഷിക്കാന്‍ കഴിയില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുയര്‍ന്നു. സമുദായത്തിനുള്ളിലെ വിവിധ രാഷ്ട്രീയ വിശ്വാസികളെ ഇത് പ്രകോപിപ്പിക്കുമെന്ന സമ്മര്‍ദ്ദവും പിന്മാറ്റത്തിന് വേഗത കൂട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇരു സംഘടനകളും ഒന്നിച്ച് ആക്രമണം തുടങ്ങിയത് ഐക്യത്തെ ഒരു രാഷ്ട്രീയ ‘കൂട്ടുകെട്ടായി’ പൊതുസമൂഹത്തില്‍ മുദ്രകുത്താന്‍ ഇടയാക്കി. സതീശനും അതുവഴി യുഡിഎഫിനും എതിരായ നീക്കമാണിതെന്ന പ്രതീതി ഉയര്‍ന്നത് കോണ്‍ഗ്രസ് അനുകൂലികളായ സമുദായംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. ഇതിനുപുറമെ, മറ്റ് സമുദായങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വിവാദ പ്രസ്താവനകള്‍ എന്‍എസ്എസ് പിന്തുടരുന്ന മാന്യമായ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന വിലയിരുത്തലും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായി.
എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ സല്‍പ്പേരിന് വെള്ളാപ്പള്ളിയുമായുള്ള ബന്ധം കളങ്കമുണ്ടാക്കുമെന്ന് സംഘടന ഭയപ്പെടുന്നു. തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതും എന്‍എസ്എസിനെ അലോസരപ്പെടുത്തി. ബിഡിജെഎസ് നേതാവ് എന്ന നിലയില്‍ തുഷാറുമായി ചര്‍ച്ച നടത്തുന്നത് സംഘടനയെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ഗൂഢനീക്കമാണോ എന്ന സംശയം അംഗങ്ങള്‍ക്കിടയില്‍ ബലപ്പെട്ടു. ഐക്യനീക്കത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതും എന്‍എസ്എസ് കേന്ദ്രങ്ങളെ സംശയത്തിലാക്കി.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്‌കാര പ്രഖ്യാപനത്തിന്റെ തിളക്കത്തില്‍ എന്‍എസ്എസ് മങ്ങിപ്പോകുമെന്നും സംഘടനയുടെ അന്തസ്സിന് ഇത് കോട്ടം വരുത്തുമെന്നും ഒരു വിഭാഗം വാദിച്ചു. 2013-ല്‍ സമാനമായ രീതിയില്‍ തുടങ്ങിയ ഐക്യം സംവരണ വിഷയത്തില്‍ തകര്‍ന്ന ചരിത്രം മുന്നിലുള്ളപ്പോള്‍, അത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് തിരക്കിട്ടുള്ള ഐക്യശ്രമത്തില്‍നിന്ന് എന്‍എസ്എസ് പൂര്‍ണ്ണമായും പിന്മാറിയത്. ഇതിനൊപ്പം കോണ്‍ഗ്രസും അനുനയത്തിന് എത്തി. രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷനുമാക്കി. ഇതോടെ സുകുമാരന്‍ നായര്‍ അയഞ്ഞുവെന്നും സൂചനയുണ്ട്.
ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന ഉറപ്പ് ചില കേന്ദ്രങ്ങള്‍ സുകുരമാരന്‍ നായര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് കെസി വേണുഗോപാല്‍ അറിയിച്ചതായും സൂചനയുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.