തിരുവനന്തപുരം : കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് രംഗത്തെത്തി. ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം വിഭാവനം ചെയ്ത ഈ ആനുകൂല്യം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ലഭിക്കാത്തത് വലിയ നീതിനിഷേധമാണെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ആയുര്‍വേദ വിഭാഗത്തില്‍ പ്രമോഷന് സാധ്യതകള്‍ വളരെ പരിമിതമാണ്. മറ്റ് പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ നിശ്ചിത വര്‍ഷത്തെ സേവനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം തങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ഈ സ്കീം നടപ്പിലാക്കിക്കൊണ്ട് 2017 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 24 മണിക്കൂറിനുള്ളില്‍ തന്നെ ഈ ഉത്തരവ് പിന്‍വലിച്ചു. അന്നുമുതല്‍ ഈ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രൊഫഷണല്‍ തുല്യത ഉറപ്പാക്കാന്‍ ഈ സ്കീം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ജയറാം, ജനറല്‍ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവരുടെ നേതൃത്വത്തില്‍ ധനമന്ത്രിക്ക് നിവേദനം നല്കി. മറ്റ് ആരോഗ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ലഭിക്കുന്ന പരിഗണന തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ സംരക്ഷിക്കുന്നവര്‍ക്കും ലഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിൻ ഷായുടെയും ഭാര്യയുടെയും 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
തൊടുപുഴയില്‍ ‘ജോസഫ്’ യുഗം മാറുന്നു; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ ‘പുത്രവാത്സല്യം’ തുടരുന്നു; മക്കളിലൂടെ തലമുറമാറ്റം പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും





