500 പേരുടെ എസ്.ഐ.മാരുടെ ഭാവി ആശങ്കയില്‍; പി.എസ്.സി നിയമനത്തില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : കേരള പി.എസ്.സി നടത്തിയ എസ്.ഐ. നിയമനങ്ങളില്‍ നടന്നതായി പറയപ്പെടുന്ന വന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിയമന തട്ടിപ്പായി മാറാന്‍ സാധ്യതയുള്ള ഈ പരാതിയില്‍ ഏകദേശം 500-ഓളം എസ്.ഐ.മാരുടെ നിയമനമാണ് ഇപ്പോള്‍ നിഴലിലായിരിക്കുന്നത്.

2013-ലെ എസ്.ഐ. റാങ്ക് ലിസ്റ്റിന് ഒരു വര്‍ഷം മാത്രമായിരുന്നു കാലാവധി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവോ പി.എസ്.സി തീരുമാനമോ ഇല്ലാതെ 2015 നവംബര്‍ വരെ ഈ ലിസ്റ്റില്‍ നിന്ന് അഡൈ്വസ് നടത്തിയെന്നാണ് ആരോപണം.2015 മെയ് മാസത്തില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടും കാലാവധി കഴിഞ്ഞ പഴയ ലിസ്റ്റില്‍ നിന്ന് നിയമനം തുടര്‍ന്നു.
സ്‌പോര്‍ട്‌സ്, എന്‍.സി.സി എന്നിവയ്ക്ക് മുന്‍ഗണന മാത്രമേ നല്‍കാവൂ എന്നിരിക്കെ, വോളിബോള്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് 14 മുതല്‍ 20 വരെ മാര്‍ക്ക് അധികമായി നല്‍കി നിയമനം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.

റാങ്ക് ലിസ്റ്റ് മെയിന്‍, സപ്ലിമെന്ററി പട്ടികകളായി തിരിക്കാതെ ഒറ്റ ലിസ്റ്റായി പ്രസിദ്ധീകരിച്ചത് വഴി സംവരണ സമുദായങ്ങളുടെ അവസരം നഷ്ടപ്പെടുത്തി.ഒഴിവുകള്‍ ഇല്ലാതിരുന്നിട്ടും 137 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് 2015 നവംബറില്‍ അഡൈ്വസ് ചെയ്തവരെ നിയമിച്ചത്. ഇത് ശമ്പള ഇനത്തില്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് അന്ന് ഡി.ജി.പി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോട്ടയം പമ്പാവാലി സ്വദേശി ഷിജു കെ.കെ. 2013 മുതല്‍ നടത്തുന്ന നിയമപോരാട്ടമാണ് ഇപ്പോള്‍ വിജിലന്‍സ് സതേണ്‍ റേഞ്ച് അന്വേഷണത്തില്‍ എത്തിയിരിക്കുന്നത്.മുന്‍പ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ അത് തടഞ്ഞു.

വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയപ്പോള്‍ അന്നത്തെ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ സ്വന്തം കൈപ്പടയില്‍ ഉത്തരവിറക്കി തുടരന്വേഷണം തടഞ്ഞതായും ആരോപണമുണ്ട്.സംസ്ഥാന വിജിലന്‍സ് ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍, ഉന്നത ഉദ്യോഗസ്ഥരും മുന്‍ പി.എസ്.സി. ഭാരവാഹികളും ഉള്‍പ്പെട്ട ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നാണ് പരാതിക്കാരന്റെ വാദം. അതിനാല്‍, കേസ് സി.ബി.ഐക്ക് വിടണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

പി.എസ്.സി. ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഉറപ്പാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി ചട്ടവിരുദ്ധമായി നീട്ടിയതും, നിലവിലില്ലാത്ത ഒഴിവുകളിലേക്ക് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തും.സ്‌പോര്‍ട്‌സ് മാര്‍ക്ക് ദാനവും സംവരണ അട്ടിമറിയും സംബന്ധിച്ച കൃത്യമായ രേഖകള്‍ സഹിതം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനാണ് തീരുമാനം.

 

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.