തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം! സിപിഐക്ക് അതൃപ്തി ; സജി ചെറിയാനും ബാലനും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു; വോട്ട് ചോരുമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം : സിപിഎം നേതാക്കളായ എ.കെ. ബാലനും മന്ത്രി സജി ചെറിയാനും നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്ന പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്. എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും ഇതിനെ തള്ളിയെങ്കിലും മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടായോ എന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്ന മന്ത്രിയുടെ പരാമര്‍ശം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി എല്‍ഡിഎഫ് ഗൃഹസന്ദര്‍ശന പരിപാടികള്‍ നടത്തുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ദോഷം ചെയ്യുമെന്ന് സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു.ന്യൂനപക്ഷ വോട്ടുകള്‍ മുന്നണിയില്‍ നിന്ന് അകലാന്‍ ഈ പ്രസ്താവനകള്‍ കാരണമാകുമെന്നും, ഇത് തിരഞ്ഞെടുപ്പില്‍ വലിയ പരാജയത്തിന് വഴിവെക്കുമെന്നും സിപിഐ കരുതുന്നു.

തിരഞ്ഞെടുപ്പില്‍ ദോഷകരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന എം.വി. ഗോവിന്ദന്റെ കര്‍ശന നിര്‍ദ്ദേശം മുതിര്‍ന്ന നേതാക്കള്‍ തന്നെ ലംഘിച്ചത് ഗൗരവമായ അച്ചടക്കലംഘനമായാണ് സിപിഐ വിലയിരുത്തുന്നത്.പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബാലനെ പിന്തുണച്ചതോടെ പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ പ്രതിരോധത്തിലായി. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പരസ്പര വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് വരും ദിവസങ്ങളില്‍ മുന്നണിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.