പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരാജയമാണെന്നും അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അദ്ദേഹം ഒരിക്കലും ബദലാവില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംഎല്‍എയും കെടിഡിസി മുന്‍ ചെയര്‍മാനുമായ പി.കെ. ശശി. എം.വി. ഗോവിന്ദന്‍ പരാജയമാണോ എന്ന് വിലയിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാണെന്നും എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നത് പ്രധാന പ്രശ്‌നമാണെന്നും ശശി തുറന്നടിച്ചു. ഒരു പ്രത്യേക അഭിമുഖത്തിലാണ് പാര്‍ട്ടിയെയും സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്.
‘ഒരുപാടാളുകള്‍ പാര്‍ട്ടി സെക്രട്ടറിമാരായിട്ടുണ്ട്. അവരൊക്കെ സ്വീകരിച്ചിട്ടുള്ള സമീപനമാണോ ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി സ്വീകരിക്കുന്നത് എന്ന് അദ്ദേഹം തന്നെ സ്വയം വിമര്‍ശന പരിശോധന നടത്തണം. പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യത ഉണ്ടാകണം. അതുണ്ടാകുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട പ്രശ്‌നമാണ്.’ – ശശി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ വേണ്ട പക്വത ഗോവിന്ദനുണ്ടോ എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ നോക്കിയാല്‍ അറിയാമെന്നും ശശി പരിഹസിച്ചു.
തനിക്കെതിരെ വന്ന പീഡന പരാതി അടിസ്ഥാനരഹിതമാണെന്നും അതിനു പിന്നിലെ ഗൂഢാലോചന പാര്‍ട്ടി അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി എന്നതല്ലാതെ അശ്ലീലച്ചുവയുള്ള ഒന്നും ഉണ്ടായിരുന്നില്ല. തന്നെ പുറത്താക്കിയ നടപടിക്ക് പിന്നില്‍ പാലക്കാട് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനുശേഷമാണ് പാര്‍ട്ടിക്ക് ഇത്ര വലിയ അപചയം സംഭവിച്ചതെന്നും കമ്മിറ്റികളില്‍ ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയും കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെയും ശശി കടുത്ത നിലപാടാണ് സ്വീകരിച്ചത്. തനിക്കെതിരെ നിയമനടപടിക്ക് പോയാല്‍ തെളിവുകളുടെ പരമ്പര തന്നെ പുറത്തുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് വല്ലാത്തൊരു അടുപ്പമുണ്ടെന്നും എന്നാല്‍ നിലവിലെ പാര്‍ട്ടി സംവിധാനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ശശി വെളിപ്പെടുത്തി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ വിരുദ്ധമായ വിധിയെഴുത്തായിരിക്കും ഉണ്ടാകുകയെന്നും പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലക്കാട്ടെ സിപിഎമ്മില്‍ ‘ശശി’ ബോംബ്! പാര്‍ട്ടിയില്‍നിന്നും കടക്ക് പുറത്ത്; അഴിമതിയും പണപ്പിരിവും തുറന്നുകാട്ടി പി.കെ.ശശി; പിന്നാലെ പുറത്താക്കല്‍; പാലക്കാട്ടെ വിമത ചൂടില്‍ പിണറായിസം വാടുമോ?





