ചേട്ടന് കേന്ദ്രത്തില്‍ പിടിയുള്ളതു കൊണ്ട് എന്തും ചെയ്യാമെന്ന് കരുതിയ അനുജന്‍; കള്ളന്‍ ഏതു മടയിലൊളിച്ചാലും പൊക്കുമെന്ന സന്ദേശം നല്‍കി ‘പരുന്ത്’ ടീമിന്റെ അസാധാരണ മികവ്; കരമനയിലെ ‘ആയില്യം’ കവര്‍ച്ച; ആസൂത്രകനും അകത്ത്; ശ്രീജിത്തിനെ പൊക്കിയ പോലീസ് ബ്രില്യന്‍സ് ഇങ്ങനെ

തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപന ഏജന്റില്‍ നിന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യസൂത്രധാരനും പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് (സുവര്‍ണ്ണകുമാറിന്റെ മകന്‍) കരമന പോലീസ് സാഹസികമായി പിടികൂടിയത്. സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കവര്‍ച്ചാ സംഘത്തെയും മാസ്റ്റര്‍ ബ്രെയിനെയും പോലീസ് കുടുക്കിയത്.

നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആസൂത്രകനായ ശ്രീജിത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. വഞ്ചിയൂരിലെ ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ പോലീസ് വീടിന് ചുറ്റും രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. രണ്ട് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ത്തന്നെ ഒളിച്ചിരുന്നു. ഒളിത്താവളത്തില്‍ ആരുമില്ലെന്ന് കരുതി എത്തിയ ശ്രീജിത്ത് പോലീസിന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു. നേമം കോണ്‍വന്റ് റോഡ് സ്വദേശിയാണ് ശ്രീജിത്ത്. ഇയാള്‍ക്ക് വഞ്ചിയൂരിലും വീടുണ്ടായിരുന്നു.

പിടിയിലായ ശ്രീജിത്തിന്റെ സഹോദരന്‍ കേന്ദ്ര സര്‍ക്കാരില്‍ പിടിപാടുള്ളയാളാണ്. സഹോദരനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാന്‍ ഇയാള്‍ ഉന്നതതലത്തില്‍ വലിയ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് ഐപിഎസിന്റെ കര്‍ക്കശമായ നിലപാടും കൃത്യമായ ആസൂത്രണവും ഈ സ്വാധീനശ്രമങ്ങളെ വിഫലമാക്കി. ഇതോടെ നിയമത്തിന്റെ വലയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം പാളി.

‘ആയില്യം ഫിനാന്‍സിലെ’ കളക്ഷന്‍ ഏജന്റില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം പ്രതികള്‍ ചതുപ്പില്‍ ഒളിച്ചിരുന്നാണ് പോലീസിനെ വെട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്പെഷ്യല്‍ സ്‌ക്വാഡ് ‘പരുന്ത്’ വിട്ടുകൊടുത്തില്ല. ചതുപ്പില്‍ ഇറങ്ങി നടത്തിയ മല്‍പ്പിടുത്തത്തിനൊടുവിലാണ് ഷാനവാസ്, കൃഷ്ണന്‍ എന്നിവരെ ആദ്യം പിടികൂടിയത്. ഒരു മാസത്തോളം ഇവര്‍ ഗൂഢാലോചന നടത്തിയതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായി.

‘നഗരത്തിലെ ഗുണ്ടകള്‍ക്കും കവര്‍ച്ചക്കാര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ‘പരുന്ത്’ ടീമിന്റേത്. ഏത് ഒളിത്താവളത്തില്‍ ഇരുന്നാലും പ്രതികളെ പിടികൂടുമെന്ന മുന്നറിയിപ്പാണ് ഈ അറസ്റ്റ്.’ സിഐ അനൂപിന്റെ നേതൃത്വത്തില്‍ നടന്ന അതിവേഗ ഇടപെടലിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ സ്വര്‍ണം വീണ്ടെടുക്കാനായതും ആസൂത്രകനെ കൃത്യമായി വലയിലാക്കിയതും പോലീസിന് വലിയ നേട്ടമായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.