ടോള്‍ പ്ലാസ സമരം വില്ലനാകുമോ? കോഴിക്കോട്ടെ ജനകീയ പ്രതിഷേധത്തില്‍ സിപിഎമ്മിന് നെഞ്ചിടിപ്പ്; മലബാര്‍ ഉറപ്പിക്കാന്‍ ആവനാഴിയിലെ ആയുധമെല്ലാം എടുത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പോരാട്ടം

കോഴിക്കോട്: വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയില്‍ പന്തീരാങ്കാവ് ഒളവണ്ണ ടോള്‍ പ്ലാസയിലെ ജനകീയ സമരം സി.പി.എമ്മിന് രാഷ്ട്രീയ തലവേദനയാകുന്നു. ടോള്‍ പിരിവ് തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് ആരംഭിച്ച ശക്തമായ പ്രതിഷേധം പ്രദേശവാസികളുടെ പിന്തുണയോടെ വളരുന്നത് വരാനിരിക്കുന്ന പോരാട്ടങ്ങളില്‍ തിരിച്ചടിയാകുമോ എന്ന ഭയമാണ് ഭരണപക്ഷത്തെ അലട്ടുന്നത്.

വെള്ളിയാഴ്ച രാവിലെ പന്തീരാങ്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം വെറുമൊരു രാഷ്ട്രീയ പ്രകടനം എന്നതിലുപരി വലിയൊരു ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നവയാണ്.

വികസനത്തിന്റെ തിളക്കത്തില്‍ മലബാര്‍ പിടിച്ചെടുക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായി പന്തീരാങ്കാവ് ഒളവണ്ണ ടോള്‍ പ്ലാസയിലെ പ്രതിഷേധം കത്തുന്നു എന്നതാണ് വസ്തുത. ദേശീയപാത വികസനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടാക്കി മാറ്റാമെന്ന ഭരണപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍, ടോള്‍ വിരുദ്ധ സമരത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ജനരോഷം സി.പി.എമ്മിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കുമോ എന്ന ഭയം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നോടിയായി മലബാറില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലഭിച്ച ഏറ്റവും വലിയ ആയുധമായാണ് ടോള്‍ സമരത്തെ കോണ്‍ഗ്രസ് കാണുന്നത്. കേവലം ഒരു വഴിതടയല്‍ സമരത്തിനപ്പുറം, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഇതിനെ വൈകാരികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഇതിന്റെ വ്യക്തമായ സൂചനയാണ്.

ടോള്‍ പ്ലാസയുടെ പരിധിയിലുള്ള താമസക്കാരെ ടോളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക, നിര്‍മ്മാണം പാതിവഴിയിലായ സര്‍വീസ് റോഡുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുക., സര്‍വീസ് റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുക, റോഡ് നിര്‍മ്മാണത്തില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് ഉയരുന്ന ആവശ്യങ്ങള്‍. കോഴിക്കോട് ബൈപാസിലെ വികസനം സര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോഴും, അശാസ്ത്രീയമായ ടോള്‍ പിരിവിനെതിരെ ഉയരുന്ന പ്രതിഷേധം ഈ നേട്ടത്തിന്റെ തിളക്കം കുറയ്ക്കുമെന്ന് സിപിഎം ഭയപ്പെടുന്നു.

സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത് സര്‍ക്കാരിനെതിരെയുള്ള വികാരമായി മാറും. വിഷയത്തില്‍ കൃത്യസമയത്ത് ഇടപെട്ട് സമരം നയിച്ചതിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സര്‍വീസ് റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നത് വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുന്നു.ടോള്‍ പരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരമാണ്. പക്ഷേ അതുണ്ടാക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. ഈ സാഹചര്യത്തില്‍ സിപിഎമ്മിന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വീഴ്ചയും വരുന്നു.

കോഴിക്കോട് ബൈപാസ് വികസനം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായാണ് സി.പി.എം അവതരിപ്പിക്കുന്നത്. എന്നാല്‍ സര്‍വീസ് റോഡ് പോലും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം, ടോള്‍ പ്ലാസ വില്ലനായാല്‍ അത് മലബാറിലെ തങ്ങളുടെ ഉറച്ച സീറ്റുകളില്‍ പോലും വിള്ളലുണ്ടാക്കിയേക്കാം. പ്രത്യേകിച്ചും ഇടത്തരക്കാരും താഴെത്തട്ടിലുള്ളവരും ടോള്‍ ഭാരത്താല്‍ ബുദ്ധിമുട്ടുമ്പോള്‍, അത് ഭരണവിരുദ്ധ വികാരമായി മാറാന്‍ അധിക സമയം വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം ഭയക്കുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.