മഞ്ചേശ്വരം പിടിക്കാന്‍ സുരേന്ദ്രന്‍; കാസര്‍കോട്ട് അശ്വനി; ടോള്‍ പ്ലാസ പൂട്ടിച്ച് വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ബിജെപി; ആരിക്കോടിയെ ജനകീയ വിജയമാക്കാന്‍ കോണ്‍ഗ്രസും; കുമ്പള ചര്‍ച്ച സജീവം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കവുമായി ബിജെപി. കഴിഞ്ഞ രണ്ട് തവണയും നേരിയ മാര്‍ജിനില്‍ കൈവിട്ടുപോയ മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ വീണ്ടും അങ്കത്തിനിറങ്ങും എന്നാണ് സൂചന. മഞ്ചേശ്വരത്ത് വിജയസാധ്യത വര്‍ദ്ധിപ്പിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വനിയെ കാസര്‍കോട് മണ്ഡലത്തിലേക്ക് മാറ്റാനാണ് പാര്‍ട്ടി തീരുമാനം.

കഴിഞ്ഞ തവണത്തെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ഇത്തവണ മഞ്ചേശ്വരത്ത് പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ, മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ ടോള്‍ പ്ലാസ വിവാദത്തിലെ കേന്ദ്ര തീരുമാനത്തെ ആയുധമാക്കുകയാണ് ബിജെപി. കുമ്പള ആരിക്കാടിയിലെ ടോള്‍ പ്ലാസ 48 മണിക്കൂറിനകം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം മണ്ഡലത്തില്‍ ബിജെപിക്ക് വലിയ രാഷ്ട്രീയ മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നടപടിയെന്ന് എം.എല്‍. അശ്വനി അവകാശപ്പെട്ടു. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന മാനദണ്ഡം ലംഘിച്ചതിനെതിരെ ബിജെപി നടത്തിയ സമാധാനപരമായ ഇടപെടലുകളുടെ വിജയമാണിതെന്നും അശ്വനി പറഞ്ഞു. കെ സുരേന്ദ്രന് കൂടുതല്‍ ജയസാധ്യത ഒരുക്കാനാണ് ഇത്.

എന്നാല്‍, ആരിക്കാടി ടോള്‍ പ്ലാസയ്ക്കെതിരെ എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തിന്റെ വിജയമാണിതെന്ന് യുഡിഎഫും അവകാശപ്പെടുന്നു. സമരം അക്രമാസക്തമായതും പോലീസ് ഇടപെടലുണ്ടായതും മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിജെപിയുടേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നീക്കമാണെന്നാണ് എംഎല്‍എയുടെ ആരോപണം.

ടോള്‍ പ്ലാസ പൂട്ടാനുള്ള തീരുമാനം തങ്ങളുടെ അക്കൗണ്ടിലാക്കി മഞ്ചേശ്വരത്തെ വോട്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ബിജെപിയും യുഡിഎഫും. കെ. സുരേന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാകുന്നതോടെ മഞ്ചേശ്വരത്തെ പോരാട്ടം വരുംദിവസങ്ങളില്‍ കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.