“തിരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുത്ത് പറ്റിക്കുന്നു”: ഇടതുപക്ഷത്തിനെതിരെ ധർമജൻ ,’കോൺഗ്രസ് വിട്ട് കളിയില്ല’, പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങും

കൊച്ചി: കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരിക എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റ് നൽകി ജനങ്ങളെ പറ്റിക്കുന്ന നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും തന്റെ അടുത്ത സുഹൃത്തുമായ രമേഷ് പിഷാരടിയുടെ പ്രചാരണത്തിനായി ഉടൻ തന്നെ മണ്ഡലത്തിൽ എത്തുമെന്നും ധർമജൻ വ്യക്തമാക്കി.
സിനിമാ തരംഗം ഉപയോഗിച്ചുള്ള വോട്ടുകൾ വേണ്ടെന്ന് പിഷാരടി പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു സുഹൃത്തെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും മാറി നിൽക്കുന്നത് ശരിയല്ലെന്ന് ധർമജൻ പറഞ്ഞു. “ഞാൻ വെറുമൊരു നടൻ മാത്രമല്ല, നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയക്കാരൻ കൂടിയാണ്. സ്കൂൾ കാലഘട്ടം മുതൽ കെഎസ്‌യു സെകട്ടറിയായും യൂത്ത് കോൺഗ്രസ് ഭാരവാഹിയായും പ്രവർത്തിച്ച പരിചയം എനിക്കുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചതാണ്, സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം,” അദ്ദേഹം കൂട്ടിചേർത്തു.
കോൺഗ്രസിനുള്ളിലെ സീറ്റ് തർക്കങ്ങളും പടലപ്പിണക്കങ്ങളും സ്വാഭാവികമാണെന്നും എന്നാൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇപ്പോൾ ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ധർമജൻ നിരീക്ഷിച്ചു. “കേരളത്തിൽ മുഖ്യമന്ത്രിയാകാൻ യോഗ്യരായ ഒട്ടേറെപ്പേർ കോൺഗ്രസിലുണ്ട്. അന്തിമ തീരുമാനം എഐസിസിയുടേതാണ്. പക്ഷേ, ആ സമയത്ത് നമ്മുടെ ആളുകൾ വഴക്കുണ്ടാക്കുന്നതാണ് ഏക പ്രശ്നം,” അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ധർമജൻ. “എന്റെ അച്ഛൻ മരിച്ചപ്പോൾ കോൺഗ്രസ് പതാക പുതപ്പിച്ചിരുന്നു, അമ്മയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. എനിക്കും മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതച്ച് മടങ്ങണം. കോൺഗ്രസ് വിട്ട് മറ്റൊരു കളിയില്ല,”
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.