കൊച്ചി: കേരള രാഷ്ട്രീയത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബാബു തന്റെ തീരുമാനം അറിയിച്ചത്. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളും വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃപ്പൂണിത്തുറയുടെ ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത പേരാണ് കെ. ബാബുവിന്റേത്. 1991 മുതൽ തുടർച്ചയായി അഞ്ച് തവണ തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം മണ്ഡലത്തിലെ യുഡിഎഫ് സ്വാധീനത്തിന്റെ നെടുംതൂണായിരുന്നു. 1991-ൽ സിപിഎം നേതാവ് എം.എം. ലോറൻസിനെ പരാജയപ്പെടുത്തിയാണ് ബാബു തന്റെ വിജയയാത്ര തുടങ്ങിയത്. പിന്നീട് ഗോപി കോട്ടമുറിക്കൽ, കെ. ചന്ദ്രൻ പിള്ള തുടങ്ങിയ കരുത്തരെ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം പരാജയപ്പെടുത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ്-തുറമുഖ വകുപ്പ് മന്ത്രിയായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
2016-ൽ എം. സ്വരാജിനോട് പരാജയപ്പെട്ടത് ബാബുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു. എന്നാൽ 2021-ൽ സ്വരാജിനെത്തന്നെ വീണ്ടും പരാജയപ്പെടുത്തി അദ്ദേഹം തൃപ്പൂണിത്തുറ തിരിച്ചുപിടിച്ചു. ഏഴ് തവണ മത്സരരംഗത്തിറങ്ങിയ അദ്ദേഹം ആറ് തവണയും വിജയം കണ്ടു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ. ബാബു അങ്കമാലി നഗരസഭയുടെ ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ചെയർമാനായിരുന്നു. ബാബുവിന്റെ പിന്മാറ്റത്തോടെ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ആരെ പകരക്കാരനായി ഇറക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിക്കഴിഞ്ഞു.
മുഖ്യമന്ത്രി പദം: ചര്‍ച്ചകള്‍ക്ക് തടയിട്ട് ലീഗ്; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എം.കെ. മുനീര്‍, ‘തമാശ’യെന്ന് സതീശന്







