തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ സംഘടനയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തിയും തിരുത്തല്‍ നടപടികളും ശക്തമാക്കി സി.പി.ഐ. തിരഞ്ഞെടുപ്പ് ഗോദയിലെ പരാജയം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, സംഘടനാ സംവിധാനങ്ങളിലെ പാളിച്ചകളും വീഴ്ചകളും അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടു തുടങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്തുണ്ടായ തന്ത്രപരമായ പിഴവുകളും പ്രാദേശിക നേതാക്കളുടെ വിയോജിപ്പുകളും വോട്ടുമറിഞ്ഞെന്ന ആക്ഷേപവും പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താഴേത്തട്ടിലുള്ള അച്ചടക്ക നടപടികള്‍ പുനഃപരിശോധിച്ചും, അതൃപ്തരെ അനുനയിപ്പിച്ചും മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ആദ്യപടിയെന്നോണം പ്രമുഖ പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ പാര്‍ട്ടി പിന്‍വലിച്ചു തുടങ്ങി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിവാദപരമായ സാഹചര്യത്തില്‍ പുറത്താക്കപ്പെട്ട ആറ്റുകാല്‍ ലോക്കല്‍ സെക്രട്ടറി ഷിബു കെ. സുരേന്ദ്രനെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്ത് തിരിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം. നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ചു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അന്ന് ഷിബുവിനെ തിരക്കിട്ട് സ്ഥാനത്തു നിന്നും മാറ്റിയത്. നഗരത്തിലെ ചില ഗുണ്ടസംഘങ്ങളുമായി ഷിബുവിന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും അന്ന് ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പാര്‍ട്ടിക്കുള്ളിലുണ്ടായ ഈ ചേരിതിരിവ് വലിയ തിരിച്ചടിയാകുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. അന്ന് ഷിബുവിനെതിരെയുള്ള അച്ചടക്ക നടപടിയെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും മണ്ഡലം ചുമതലക്കാരന് സോളമന് വെട്ടുകാടും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലം നേതൃത്വവുമായി പരസ്യമായൊരു പോരിലേക്ക് കടക്കാതിരിക്കാന്‍ ജില്ലാ നേതൃത്വം അന്ന് വഴങ്ങുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണ്ഡലം നേതൃത്വത്തിന്റെ പല വാദങ്ങളും പൊള്ളയായിരുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം ഇപ്പോള്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുന്നത്. അന്ന് മണ്ഡലം കമ്മിറ്റിയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി എടുത്ത നടപടി തെറ്റായിരുന്നുവെന്ന വിലയിരുത്തലിലാണ് ഷിബു കെ. സുരേന്ദ്രനെ വീണ്ടും ആറ്റുകാല്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ട് നിയോഗിക്കുന്നത്.
അതേസമയം, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും തിരുവനന്തപുരം നഗരസഭയിലെ ചില കേന്ദ്രങ്ങളില്‍ ഉയരുന്ന സമാന്തര പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി. ശിവന്‍കുട്ടിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചെന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവിന്റെ നീക്കങ്ങളാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
മുന്‍ അമ്പലത്തറ കൗണ്‍സിലറും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന വി.എസ്. സുലോചനനെയായിരുന്നു വോട്ട് കച്ചവട ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും നേരത്തെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തായെങ്കിലും അമ്പലത്തറ മേഖലയില്‍ സുലോചനന്റെ നേതൃത്വത്തില്‍ ശക്തമായ സമാന്തര പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. പി.കെ.വി സാംസ്കാരിക വേദി എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയാണ് പാര്‍ട്ടിക്ക് സമാന്തരമായി പ്രദേശത്ത് സജീവമായിരിക്കുന്നത്.
പാര്‍ട്ടി കോട്ടകളില്‍ സാംസ്കാരിക വേദിയുടെ പേരില്‍ നടക്കുന്ന ഈ നീക്കങ്ങള്‍ ഔദ്യോഗിക നേതൃത്വത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ഇത് പാര്‍ട്ടി അടിത്തറയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന ആശങ്ക പ്രാദേശിക അണികള്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ സുലോചനന് പാര്‍ട്ടിക്ക് സമര്‍പ്പിച്ച വിശദീകരണ കത്ത് വരാനിരിക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം ഗൗരവത്തോടെ പരിഗണിക്കാനിരിക്കുകയാണ്.
അച്ചടക്ക നടപടി നേരിടുന്ന സുലോചനന് കടുത്ത മുന്നറിയിപ്പാണ് ഇപ്പോള്‍ ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്നത്. പി.കെ.വി സാംസ്കാരിക വേദിയുടെ പേരിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളുമായി ഒരു കാരണവശാലും മുന്നോട്ടു പോകരുതെന്നും, പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനമായ അമ്പലത്തറ ലോക്കല്‍ കമ്മിറ്റിയുമായി പൂര്‍ണ്ണമായും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്ന വഴി കണ്ടെത്താനും, ഗ്രൂപ്പ് അതിപ്രസരം അവസാനിപ്പിക്കാനും സി.പി.ഐ സംസ്ഥാന നേതൃത്വവും കര്‍ശന ജാഗ്രതയിലാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് മണ്ഡലം-ലോക്കല്‍ കമ്മിറ്റികളിലും സമാനമായ തിരുത്തലുകളും അഴിച്ചുപണികളും ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം, കട അടിച്ചുതകർത്തു! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ യുവാവ്





