തിരുവനന്തപുരം: തിരുവനന്തപുര തീരദേശത്തിന്റെ രാഷ്ട്രീയ മനസ്സ് ആര്‍ക്കൊപ്പമെന്ന ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എച്ച്. സുധീര്‍ ഖാന് ഉജ്ജ്വല വിജയം നേടി. സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് സുധീര്‍ ഖാന് വിഴിഞ്ഞം പിടിച്ചെടുത്തത്. 2902 വോട്ടുകള്‍ സുധീര്‍ ഖാന് നേടിയപ്പോള്‍, തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ നൗഷാദ് എന്‍. 2819 വോട്ടുകള്‍ നേടി. വെറും 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ജയം.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അത്ഭുതം ബിജെപിയുടെ മുന്നേറ്റമാണ്. 2020-ല്‍ വെറും 316 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തായിരുന്ന ബിജെപി, ഇത്തവണ എട്ടിരട്ടിയോളം വോട്ടുയര്‍ത്തി 2437 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണം പിടിച്ചതിന് ശേഷമുള്ള വികസന പ്രവര്‍ത്തനങ്ങളും മേയര്‍ വി.വി. രാജേഷിന്റെ ജനസ്വാധീനവുമാണ് തീരദേശത്തും പാര്‍ട്ടിക്ക് ഇത്രയും വലിയ കുതിച്ചുചാട്ടം നല്‍കിയത്. തോല്‍വിയിലും ബിജെപിയുടെ വോട്ടുയര്‍ച്ച മേയര്‍ക്ക് വലിയ അംഗീകാരവും ആശ്വാസവുമായി മാറുന്നു.
അതേസമയം, രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്കായി ഇടതുപക്ഷം പയറ്റിയ തന്ത്രങ്ങളെല്ലാം പാളി. സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയുടെ അറസ്റ്റും പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാത്രി കസ്റ്റഡിയും വോട്ടര്‍മാരെ സ്വാധീനിച്ചില്ല. മുഖ്യമന്ത്രി അതിജീവിതയ്ക്കൊപ്പമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഫലം കണ്ടില്ലെന്നാണ് വിഴിഞ്ഞത്തെ വിധി വ്യക്തമാക്കുന്നത്. ഈ വിജയത്തോടെ 101 അംഗ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 20 ആയി. ബിജെപിക്ക് 50-ഉം ഇടതിന് 29-ഉം അംഗങ്ങളാണുള്ളത്. വിഴിഞ്ഞം കൂടി ലഭിച്ചിരുന്നെങ്കില്‍ ബിജെപിക്ക് സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍:
പാമ്പാക്കുട (ഓണക്കൂര്‍): എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ബി. രാജീവ് 221 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്.
മൂത്തേടം (പായിമ്പാടം): യുഡിഎഫിന്റെ സുബൈദ കൊരമ്പയില്‍ 222 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ 17-ഉം യുഡിഎഫിന്റെ കൈകളിലായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അവധി വേണ്ട, അറിവ് മതി: വിശേഷദിനങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണം: ബാലാവകാശ കമ്മിഷന്റെ നിർണ്ണായക ഉത്തരവ്
അവധി വേണ്ട, അറിവ് മതി: വിശേഷദിനങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണം: ബാലാവകാശ കമ്മിഷന്റെ നിർണ്ണായക ഉത്തരവ്







