ചുവട് മാറ്റത്തിനൊരുങ്ങി ജോസ്; വെല്ലുവിളിയായി റോഷിയുടെ ‘തുടരും’ പോസ്റ്റ്; മധ്യതിരുവിതാംകൂറില്‍ പുതിയ രാഷ്ട്രീയ ഭൂകമ്പ സാധ്യത;. ജോസിനും ജോസഫിനും പുതിയ ‘തുടക്കം’!

കോട്ടയം/തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ മധ്യതിരുവിതാംകൂറില്‍ വീണ്ടും വിള്ളലുകള്‍ വീഴുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും മുന്നണികളിലെ പുകച്ചിലും പരസ്യമാകുന്നു. സഭയുടെ സമ്മര്‍ദ്ദവും ഡല്‍ഹിയില്‍ നിന്നുള്ള സോണിയാ ഗാന്ധിയുടെ ഫോണ്‍ വിളിയും ചര്‍ച്ചയാകുമ്പോള്‍, മന്ത്രി റോഷി അഗസ്റ്റിന്റെ ‘തുടരും‘ എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വന്‍ പിളര്‍പ്പിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
യുഡിഎഫിലേക്ക് ജോസിനെ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തന്നെ നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥതയില്‍ സോണിയാ ഗാന്ധി ജോസ് കെ. മാണിയെ ഫോണില്‍ വിളിച്ചതായാണ് വിവരം. ഇടതുപക്ഷത്ത് തുടരുന്നത് ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകാന്‍ കാരണമാകുമെന്ന കത്തോലിക്കാ സഭയുടെ ആശങ്കയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ചാലകശക്തി. ജോസ് കെ. മാണി യുഡിഎഫിലേക്ക് കണ്ണ് നടുമ്പോള്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം ‘തുടരും’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച റോഷി, താന്‍ ഇടതുമുന്നണി വിടാനില്ലെന്ന കൃത്യമായ സന്ദേശമാണ് നല്‍കുന്നത്.
പാര്‍ട്ടിയിലെ ഭിന്നത: റോഷി അഗസ്റ്റിനൊപ്പം പ്രമോദ് നാരായണന്‍ എംഎല്‍എയും ഉറച്ചുനില്‍ക്കുമ്പോള്‍, ജോബ് മൈക്കിളും സെബാസ്റ്റിയന്‍ കുളത്തിങ്കലും ജോസ് കെ. മാണിക്കൊപ്പമാണ്. മന്ത്രിസ്ഥാനവും ഭരണാനുകൂല്യങ്ങളും ഉപേക്ഷിക്കാന്‍ റോഷി തയ്യാറല്ലാത്തത് മാണി ഗ്രൂപ്പില്‍ മറ്റൊരു പിളര്‍പ്പിന് വഴിമരുന്നിട്ടേക്കാം. ഇടതുമുന്നണി വലിയ പ്രാധാന്യത്തോടെ കാണുന്ന മധ്യമേഖലാ ജാഥ നയിക്കാനില്ലെന്ന് ജോസ് കെ. മാണി അറിയിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം കാരണമായി പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളില്‍ നിന്നും ജോസ് വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ ഉറച്ച സൂചനയായാണ് കരുതപ്പെടുന്നത്. വിവാദങ്ങള്‍ കത്തുമ്പോഴും ജോസ് പുലര്‍ത്തുന്ന ‘വാചാലമായ മൗനം’ ഇടത് പാളയത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ജോസ് കെ. മാണി വന്നാല്‍ യുഡിഎഫിലെ തങ്ങളുടെ അസ്തിത്വം തകരുമെന്ന് ഭയക്കുന്ന പി.ജെ. ജോസഫ് കടുത്ത പ്രതിഷേധത്തിലാണ്.  കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും. തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ഉറപ്പിച്ചു പറയുന്നു. ഏകപക്ഷീയമായി ജോസിനെ സ്വീകരിച്ചാല്‍ മുന്നണി വിടുമെന്ന സൂചന ജോസഫ് വിഭാഗം നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജോസഫിനെ സ്വീകരിക്കാന്‍ സിപിഎം തയ്യാറായേക്കും.
മുസ്ലിം ലീഗാണ് ഈ ചര്‍ച്ചകളില്‍ ഏറ്റവും വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. മലബാറിലെ കുടിയേറ്റ മേഖലകളില്‍ സ്വാധീനമുണ്ടാക്കാന്‍ സ്വന്തം സീറ്റായ തിരുവമ്പാടി വിട്ടുനല്‍കാന്‍ പോലും ലീഗ് സന്നദ്ധത അറിയിച്ചു. യുഡിഎഫില്‍ ഒരു ക്രിസ്ത്യന്‍ ബാലന്‍സ് നിലനിര്‍ത്തേണ്ടത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത്യാവശ്യമാണെന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നു.
സഭയുടെ നിര്‍ബന്ധവും ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ജോസിനെ യുഡിഎഫിലേക്ക് അടുപ്പിക്കുമ്പോള്‍, മന്ത്രി റോഷി അഗസ്റ്റിന്റെ വിയോജിപ്പും പി.ജെ. ജോസഫിന്റെ പ്രതിഷേധവും വലിയ വെല്ലുവിളിയാണ്. കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളരുമോ അതോ ജോസ് കെ. മാണി തന്റെ എംഎല്‍എമാരെ അനുനയിപ്പിച്ച് പുതിയൊരു ചരിത്രം കുറിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.