തിരുവനന്തപുരം മേയർ കസേര ത്രില്ലർ: പാറ്റൂർ രാധാകൃഷ്ണൻ സാധ്യത; BJP-യെ വീഴ്ത്താൻ CPM-കോൺഗ്രസ് ഒന്നിക്കുമോ?

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷമായ 51 അംഗങ്ങളെ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും സിപിഎമ്മും അണിയറയില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ ബിജെപിക്ക് 50, എല്‍ഡിഎഫിന് 29, യുഡിഎഫിന് 19 എന്നിങ്ങനെയാണ് സീറ്റ് നില. ഭരണം സുഗമമാക്കാന്‍ ഒരു അംഗത്തിന്റെ പിന്തുണ കൂടി ബിജെപിക്ക് അനിവാര്യമാണ്. രണ്ട് സ്വതന്ത്രരെയെങ്കിലും ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം. ഇതില്‍ ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചര്‍ച്ച നടത്തി. കണ്ണമ്മൂല വാര്‍ഡില്‍ വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനാണ് ഈ സ്വതന്ത്രരില്‍ ഒരാള്‍. തന്നെ മേയറാക്കണമെന്ന് രാധാകൃഷ്ണന്‍ ബിജെപിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ബിജെപി അംഗീകരിക്കാന്‍ സാധ്യതയില്ല.
മറുവശത്ത്, പൗണ്ട് കടവ് വാര്‍ഡില്‍ വിജയിച്ച പാര്‍ട്ടി വിമതന്‍ എസ്. സുധീഷ് കുമാറിനെ ഒപ്പം നിര്‍ത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ രണ്ട് സ്വതന്ത്രരെയും ഒപ്പം കൂട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസിനും സിപിഎമ്മിനും തിരുവനന്തപുരത്ത് ബിജെപി ഭരണത്തിന് തടയിടാന്‍ കഴിയൂ. ഇതിനുള്ള സാധ്യതകളും ഇരുമുന്നണികളും തേടുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ത്തി പുറത്തു നിന്ന് പിന്തുണ നല്‍കിയാല്‍, എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജനവിധി ബിജെപിക്ക് അനുകൂലമായ സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ വലിയ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കാം. വിഴിഞ്ഞത്തെ ഒരു വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
ബിജെപിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, കരമന അജിത് എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും അഭിപ്രായം തേടിയ ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും പരിഗണനയിലുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍, രണ്ട് സുപ്രധാന പദവികളിലേക്കും വനിതകള്‍ക്ക് അവസരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തെ ആശ്രയിച്ചിരിക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചിരിക്കുന്നത്.
കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം അനിവാര്യമാണ്. ഇതിന് 51 പേര്‍ വേണം. ബിജെപിക്ക് 50 പേരെയുള്ളു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കു പിന്നാലെ ബിജെപി നീങ്ങുകയാണ്. സ്വതന്ത്രരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയാക്കി എല്‍ഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത ബിജെപി കാണുന്നുണ്ട്. രണ്ടു സ്വതന്ത്രന്മാരെ കൂടെ കൂട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസിനും സിപിഎമ്മിനും തിരുവനന്തപുരത്ത് ബിജെപി ഭരണത്തിന് തടയിടാന്‍ കഴിയൂ. വിഴിഞ്ഞത്ത് ബിജെപി ഇതരന്‍ ജയിച്ചാല്‍ സ്വതന്ത്രമാരെ കൂടി ചേര്‍ത്ത് പിടിച്ച് നഗര ഭരണം പിടിച്ചെടുക്കാനും സിപിഎം-കോണ്‍ഗ്രസ് കൂട്ടായ്മയ്ക്ക് കഴിയും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.