പോറ്റിയെ സന്നിധാനത്ത് വളര്‍ത്തി; മല്യയുടെ സ്വര്‍ണ്ണം പൂശലും അറിയാം; താന്ത്രിക വിധി അട്ടിമറിച്ചു; ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാകുന്നത് ഈ ആരോപണങ്ങളില്‍

തിരുവനന്തപുരം: വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യകാര്‍മ്മികനായ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായപ്പോള്‍ ഉയരുന്നത് പല വിധ ചോദ്യങ്ങള്‍. പ്രത്യേക അന്വേഷണ സംഘം രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുന്‍പാകെ ഹാജരാക്കി. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് കനത്ത സുരക്ഷയോടെ തന്ത്രിയെ എത്തിച്ചത്.

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ശ്രീകോവിലിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രി, കണ്ണടച്ച് നല്‍കിയ ഒത്താശയിലാണ് സന്നിധാനത്ത് വന്‍ കൊള്ള നടന്നതെന്ന് എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കാലഘട്ടത്തിലും 2019-ല്‍ സ്വര്‍ണപ്പാളികള്‍ മോഷ്ടിക്കപ്പെട്ടപ്പോഴും രാജീവര് തന്നെയായിരുന്നു തന്ത്രി.

2019-ല്‍ ശ്രീകോവിലിലെ ദശാവതാരങ്ങള്‍ പതിച്ച കട്ടിളപ്പാളികള്‍, ശിവരൂപം, വ്യാളീരൂപം എന്നിവ ഇളക്കിമാറ്റിയത് യാതൊരു താന്ത്രിക വിധിപ്രകാരവുമല്ല. തന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് നടന്നത്. ദേവസ്വം മാന്വല്‍ ലംഘിച്ച് പാളികള്‍ പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ തന്ത്രി കുറ്റകരമായ മൗനാനുവാദം നല്‍കി.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും സ്വാധീനം ഉണ്ടാക്കിക്കൊടുത്തതും തന്ത്രിയാണെന്ന് തെളിഞ്ഞു. 2018 മുതല്‍ ഇരുവരും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. പോറ്റിയെ പല ക്ഷേത്ര ഭാരവാഹികള്‍ക്കും ശിപാര്‍ശ ചെയ്തതും തന്ത്രിയാണ്. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ ബംഗളുരുവിലെ ക്ഷേത്രത്തില്‍ പൂജയ്ക്ക് വെച്ചപ്പോള്‍ അവിടെയും കര്‍മ്മിയായിരുന്നത് കണ്ഠരര് രാജീവരായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവന്നു.

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന തന്ത്രി സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടത്തിയതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരുമായി ചേര്‍ന്ന് ആസൂത്രിതമായ കൊള്ളയാണ് സന്നിധാനത്ത് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പക്ഷേ ശമ്പളം വാങ്ങുന്നില്ലെന്ന വാദവും ശക്തമാണ്.

തന്ത്രിയുടെ അറസ്റ്റോടെ കേസ് കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള കൂടുതല്‍ കണ്ണികള്‍ പുറത്തുവരുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.