ജീപ്പ് തളളാത്തതിന് പ്രതികാരമായി പ്രവാസിയെ മാലമോഷണമെന്ന കളളക്കേസില്‍ പോലീസ് കുടുക്കി, താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം; ഹൈക്കോടതിയില്‍ നീതി

കണ്ണൂര്‍ : മാലമോഷണക്കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കിയ ചക്കരക്കല്‍ പോലീസിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 54 ദിവസം അന്യായമായി ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് സ്വദേശി താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

2018 ജൂലൈയില്‍ വഴിയില്‍ കുടുങ്ങിയ പോലീസ് ജീപ്പ് തളളാന്‍ സഹായിക്കാതെ കാറില്‍ നിന്നിറങ്ങാതിരുന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. നടുവേദന കാരണമാണ് താജുദ്ദീന്‍ പുറത്തിറങ്ങാതിരുന്നത്.

സിസിടിവി ദൃശ്യത്തിലെ ചില സാമ്യം മാത്രം വെച്ച് മാലമോഷണക്കേസില്‍ താജുദ്ദീനെ പ്രതിയാക്കി. ഖത്തറില്‍ നിന്ന് വെറും 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. എന്നാല്‍ കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍ കഴിയേണ്ടി വന്നതോടെ ഗള്‍ഫിലെ ജോലി നഷ്ടമായി. ജാമ്യം ലഭിച്ച് തിരികെ ഖത്തറില്‍ എത്തിയെങ്കിലും നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ‘അബ്‌സ്‌കോണ്ടിങ്’ആണെന്ന് കാണിച്ച് അവിടെയും 23 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇത് അദ്ദേഹത്തെ വലിയ സാമ്പത്തിക, മാനസിക തകര്‍ച്ചയിലേക്കാണ് എത്തിച്ചത്.

താന്‍ നിരപരാധിയാണെന്നും മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും താജുദ്ദീന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ മോഷണം നടന്ന സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയുമെന്ന് അദ്ദേഹം പോലീസിനോട് അപേക്ഷിച്ചു. എന്നാല്‍ ഈ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് മുതിര്‍ന്നില്ല.

ഹൈക്കോടതി ഉത്തരവ്

ഒരു കോടി രൂപയാണ് താജുദ്ദീന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. കേവലം സംശയത്തിന്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ 14 ലക്ഷം രൂപ കൈമാറണം.കോടതി ചെലവായ 25,000 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.