തിരുവനന്തപുരം : മലയാള ചാനല്‍ ചര്‍ച്ചകളിലെ പരിചിതമായ മുഖവും ഇടത് സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി സ്വീകരിച്ചു.
ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ഉത്തരേന്ത്യയില്‍ ബിജെപി നടത്തിയ മാറ്റങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതാണെന്നും റെജി ലൂക്കോസ് പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ നാടുവിടുകയാണെന്നും ഇങ്ങനെ പോയാല്‍ കേരളം ഒരു ‘വൃദ്ധാലയം’ ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സിപിഎം ഇപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും കാലഹരണപ്പെട്ട ആശയങ്ങള്‍ കൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സ്വയം പ്രഖ്യാപിത ഇടത് സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ഇദ്ദേഹത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പാര്‍ട്ടി അറിയിച്ചു. അമേരിക്കയില്‍ പത്രപ്രവര്‍ത്തകനായിരുന്ന റെജി ലൂക്കോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
പാര്‍ട്ടിയുടെ കൈരളി ടിവി, ദേശാഭിമാനി എന്നിവയുമായി സഹകരിച്ചിരുന്നു. എന്നാല്‍മുനമ്പം വഖഫ് വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.കൂടുതല്‍ പ്രമുഖര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.


കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന് 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!
നിയമസഭാതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍! ലക്ഷ്യ 2026 – ല്‍ നിര്‍ണായക തീരുമാനങ്ങള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് സീറ്റില്ല





