കൊച്ചി/തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കെ, രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കാന്‍ പോന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍ സജീവമാകുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇഡിയുടെ ഈ കടന്നുവരവ് പിണറായി സര്‍ക്കാരിനും ഇടതുമുന്നണിക്കും വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
‘മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു’: ഖേദം പ്രകടിപ്പിച്ച് ദാസ് പി. ജോർജ്
കേസില്‍ ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടന്‍ തിരുവനന്തപുരത്തെത്തും. ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തോടെ കേസിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ശബരിമലയിലെ പുണ്യസ്വര്‍ണ്ണം കവര്‍ന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലാണ് കേന്ദ്രം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീളും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രത്യേക അന്വേഷണ സംഘം മൂടിവെക്കാന്‍ ശ്രമിച്ച തെളിവുകള്‍ ഇഡി പുറത്തെടുക്കുന്നതോടെ പല രാഷ്ട്രീയ ബിംബങ്ങളും തകര്‍ന്നടിയും.
കോടതിയില്‍ നിന്ന് കേസ് രേഖകള്‍ കൈക്കലാക്കാന്‍ ഇഡി നടത്തിയ നീക്കത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംഘം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ട് ഡിസംബര്‍ 19-ന് വിജിലന്‍സ് കോടതി രേഖകള്‍ ഇഡിക്ക് കൈമാറി. ഇതോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികളിലേക്ക് ഇഡി കടക്കുകയാണ്. ചെന്നൈയിലെയും ബെല്ലാരിയിലെയും സ്വര്‍ണ്ണ വ്യാപാരികളുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അരിച്ചുപെറുക്കും. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉന്നയിച്ച പ്രവാസി വ്യവസായിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.
വീണ്ടും വിശ്വാസികളെയും ഭക്തജനങ്ങളെയും വൈകാരികമായി ബാധിക്കുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം. ആസൂത്രിതമായ ഒരു സാമ്പത്തിക കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നതെന്ന് ഇഡി കണ്ടെത്തിയാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും.


യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്





