ഷാഫിയോട് കട്ടയ്ക്ക് കട്ട പിടിച്ച് ചെന്നിത്തല! ഒരു വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ കുതിപ്പുണ്ടാക്കിയത് ഈ കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയില്‍ മുമ്പിലുള്ളത് തരൂരിസം മാത്രം; പിണറായിസത്തെ തുറന്നു കാട്ടി ഹരിപ്പാട്ടെ നേതാവ് കുതിക്കുന്ന കഥ

തിരുവനന്തപുരം: സ്വര്‍ണ്ണ കൊള്ളയിലെ ഇടപെടല്‍ രമേശ് ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ത്തിയോ? സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സോഷ്യല്‍ മീഡിയാ ജനപ്രീതിയില്‍ വളര്‍ച്ച രേഖപ്പെടുത്തി രമേശ് ചെന്നിത്തല നല്‍കുന്നത് ജനപ്രീതിയുടെ സന്ദേശമാണ്. ഫേസ് ബുക്കില്‍ 1.1 മില്യണ്‍ ഫോളോവേഴ്സില്‍ നിന്ന് 1.2 മില്യണ്‍ ഫോളോവേഴ്സിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് കുതിച്ചു ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം 1.1 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നു ചെന്നിത്തലയ്ക്ക്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ശശി തരൂരിനൊഴികെ സീനിയര്‍ ലീഡര്‍ഷിപ്പില്‍ ആര്‍ക്കും ഇത്രയേറെ ഫോളോവേഴ്സ് ഫേസ് ബുക്കില്‍ അവകാശപ്പടാനില്ല. തരൂരിന് 1.6 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. കോണ്‍ഗ്രസില്‍ യുവനിരയില്‍ പ്രമുഖനും സോഷ്യല്‍ മീഡിയയിലെ താരവുമായ ഷാഫി പറമ്പിലാണ് 1.2 മില്യണ്‍ ഫോളോവേഴ്സുണ്ട്. കേരള രാഷ്ട്രീയത്തിലെ അതികായന്‍ രമേശ് ചെന്നിത്തല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാവുകയാണ്. രാഷ്ട്രീയത്തിലെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും ജനകീയമായ ഇടപെടലുകളും അദ്ദേഹത്തെ സൈബര്‍ ഇടങ്ങളിലും ശ്രദ്ധേയനാക്കുന്നു.

കോണ്‍ഗ്രസിലെ കേരളത്തിലെ നേതാക്കളില്‍ ഷാഫി പറമ്പിലാണ് റെക്കോര്‍ഡ് ചെന്നിത്തലയ്ക്കൊപ്പം പങ്കുവെയ്ക്കുന്നത്. കെസി വേണുഗോപാല്‍ 9.34 ലക്ഷം ഫോളോവേള്സുമായി പിന്നാലെയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന് 4.9 ലക്ഷം ഫോളോവേഴ്സുണ്ട്. മുസ്ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 7.9 ലക്ഷം ഫോളോവേഴ്്സുണ്ട്. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിലും ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും രമേശ് ചെന്നിത്തല കാട്ടുന്ന ജാഗ്രത ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വലിയ പിന്തുണയാണ് നേടുന്നത്.

കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ളത് ബിജെപി സംസ്ഥാനാധ്യക്ഷനും മുന്‍ ഐ.ടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനാണ്. 1.8 മില്യണ്‍. രണ്ടാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിക്ക് ഫേസ് ബുക്കില്‍ 1.7 മില്യണ്‍ ഫോളോവേഴ്സുണ്ട്. ഇവര്‍ രണ്ടു പേരും കാലങ്ങള്‍ക്കു മുമ്പേ തന്നെ ഈ വളര്‍ച്ച കൈവരിച്ചതാണ്. പക്ഷേ ഒരു വര്‍ഷത്തിനിടെയിലെ ക്രമാനുഗതമായ വളര്‍ച്ച നോക്കിയാല്‍ രമേശ് ചെന്നിത്തല ഒരു ലക്ഷം ഫോളോവേഴ്സിനെ ഫേസ് ബുക്കില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്ന ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് ചെന്നിത്തലയുടെ ഈ കത്തികയറല്‍.

1956 മെയ് 25-ന് ആലപ്പുഴയിലെ ചെന്നിത്തലയില്‍ വി. രാമകൃഷ്ണന്‍ നായരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ച രമേശ് ചെന്നിത്തല, കെ.എസ്.യു-വിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിക്കൊണ്ട് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ദേശീയ രാഷ്ട്രീയത്തിലും സജീവമായ ചെന്നിത്തല നാല് തവണ ലോക്സഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യം ദേശീയ നേതാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നല്‍കിയത്. ഹരിപ്പാട് മണ്ഡലത്തെ ദീര്‍ഘകാലമായി പ്രതിനിധീകരിക്കുന്ന അദ്ദേഹം, നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും തന്റെ നിലപാടുകള്‍ കൊണ്ട് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തല, പുതിയ തലമുറയ്ക്കിടയിലും ഒരു സോഷ്യല്‍ മീഡിയ താരമായി മാറിക്കഴിഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.