ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തോല്‍പ്പിച്ചത് ‘അഞ്ചാം മന്ത്രി’; കോണ്‍ഗ്രസിന് നായര്‍ വോട്ടുകള്‍ നഷ്ടമാക്കിയത് ഈ പിടിവാശി; മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ‘സാമുദായിക സന്തുലനം’! ലീഗും 25 സീറ്റില്‍ വഴങ്ങും; തെക്കന്‍ കേരളം കോണ്‍ഗ്രസിന് പ്രധാനം

തിരുവനന്തപുരം: യുഡിഎഫില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ‘സാമുദായിക സന്തുലനം’ വരും. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ തെക്കന്‍ കേരളത്തിലടക്കം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുന്നത്. എന്നാല്‍, സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയ പാഠം കോണ്‍ഗ്രസിന് മുന്നിലുണ്ട്. യുഡിഎഫിനെ മുന്‍കാലങ്ങളില്‍ തളര്‍ത്തിയ അഞ്ചാം മന്ത്രിസ്ഥാനം എന്ന വിവാദം ലീഗുമായുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വീണ്ടും ഉയരുന്നുണ്ട്. അന്ന് സാമുദായിക സന്തുലിതാവസ്ഥ തെറ്റിയത് നായര്‍ വോട്ടുകള്‍ അടക്കമുള്ള ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകാന്‍ കാരണമായിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലടക്കം ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയത് ഈ സാഹചര്യത്തിലാണ്.

ഇത്തവണയും ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ‘ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങി’ എന്ന എല്‍ഡിഎഫ്-ബിജെപി പ്രചാരണം ശക്തമാകുമെന്നും ഇത് തിരിച്ചടിയുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിക്കും. ഇത് ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കും. ചില ക്രൈസ്തവര്‍ക്കും ലീഗ് സമ്മര്‍ദ്ദത്തില്‍ ആശങ്കയുണ്ട്. ഇതും വോട്ടിംഗിനെ സ്വാധീനിക്കും. അതുകൊണ്ട് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമുദായിക സന്തുലനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വാദിക്കും.

തെക്കന്‍ കേരളത്തില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ് ലീഗിന്റെ വാദം. എന്നാല്‍, മുമ്പ് മത്സരിച്ച അത്രയും എണ്ണം സീറ്റുകളില്‍ (25) തന്നെ ലീഗ് ഒതുങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. വിജയസാധ്യത പരിഗണിച്ച് ചില സീറ്റുകള്‍ വച്ചുമാറുന്നതിനോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. തമിഴ്‌നാട് മോഡലില്‍ കുറഞ്ഞ സീറ്റുകളില്‍ മത്സരിച്ച് കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടാക്കുക എന്ന നിര്‍ദ്ദേശമാകും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുക.

ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഇത്തവണ യുഡിഎഫ് തയ്യാറായേക്കില്ല. ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഉയര്‍ന്നാല്‍ അത് നേമം പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്കും മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും ഗുണകരമാകും. അതിനാല്‍ ലീഗിന്റെ സീറ്റ് മോഹം തടയുക എന്നത് ഭരണം തിരിച്ചുപിടിക്കാന്‍ അനിവാര്യമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുന്ദമംഗലം തുടങ്ങിയ സീറ്റുകളെച്ചൊല്ലി ഇപ്പോള്‍ തന്നെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സീറ്റുകള്‍ വച്ചുമാറിക്കൊണ്ട് ലീഗിനെ സമാധാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.