കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കാന്‍ സി.പി.എം ഒരുങ്ങുന്നു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ തലശ്ശേരിയില്‍ നിലവിലെ എം.എല്‍.എയും സ്പീക്കറുമായ എ.എന്‍. ഷംസീറിന് പകരം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി.പി.എം ആലോചന. ഇടതുപക്ഷം തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്തുകയാണെങ്കില്‍ ബ്രിട്ടാസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടിയുടെ പദ്ധതി.
കേന്ദ്രസര്‍ക്കാരുമായി അടക്കം ചര്‍ച്ചകള്‍ക്ക് ബ്രിട്ടാസ് മന്ത്രിയാകുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
തുടര്‍ച്ചയായി രണ്ടുതവണ തലശ്ശേരിയെ പ്രതിനിധീകരിച്ച എ.എന്‍. ഷംസീറിനെ ഇത്തവണ മാറ്റിനിര്‍ത്തിയേക്കും. സ്പീക്കര്‍ പദവിയിലിരിക്കുന്ന ഷംസീറിനെ സംഘടനാ ചുമതലകളിലേക്ക് മാറ്റാനോ അല്ലെങ്കില്‍ മറ്റ് പദവികള്‍ നല്‍കാനോ ആണ് സാധ്യത. ഭാവിയില്‍ എംപിയായി മത്സരിപ്പിക്കാനും സാധ്യതയുണ്ട്. വികസനത്തുടര്ച്ചയ്ക്കൊപ്പം പുതിയൊരു മുഖം മണ്ഡലത്തില്‍ അവതരിപ്പിക്കുന്നത് വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ പാര്‍ട്ടിയുടെ ശബ്ദമായി മാറിയ ജോണ്‍ ബ്രിട്ടാസിനെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്ന് സി.പി.എം കരുതുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നില്‍.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
പാര്‍ലമെന്റിലെ മികച്ച പ്രകടനവും മാധ്യമരംഗത്തെ പരിചയവും ബ്രിട്ടാസിന് അനുകൂല ഘടകങ്ങളാണ്. ഭരണം തുടരാനായാല്‍ ഭരണതലത്തില്‍ കൂടുതല്‍ വേഗതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ ബ്രിട്ടാസിനെപ്പോലൊരു വ്യക്തി മന്ത്രിസഭയില്‍ വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് പിണറായിയുടെ നീക്കം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് നിലവില്‍ രാജ്യസഭയില്‍ സി.പി.എം പ്രതിനിധിയാണ്. 1966 മെയ് 15-ന് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പുലിക്കുരുമ്പയിലാണ് അദ്ദേഹം ജനിച്ചത്. പയ്യന്നൂര്‍ കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം കൈരളി ടി.വിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എഡിറ്ററായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം, ഇറാഖ് യുദ്ധം തുടങ്ങിയ നിര്‍ണ്ണായക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ബ്രിട്ടാസ്. 2016 മുതല്‍ 2021 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2021-ലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ രാജ്യസഭയിലെ സി.പി.എം കക്ഷി നേതാവായ അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെതിരെ നീങ്ങാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി; അന്വേഷണം എഡിജിപി നേരിട്ട് ഏറ്റെടുക്കുന്നു





