വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മണപ്പാട് ഗ്രൂപ്പിനുണ്ട്; ഒരു ചാരിറ്റി സംഘടനയ്ക്ക് സഹായം ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ തെറ്റല്ല; പുനര്‍ജനിയിലെ ആരോപണങ്ങള്‍ വിജിലന്‍സ് എസ് പി അന്വേഷിച്ച് തള്ളിയത്; യോഗേഷ് ഗുപ്തയുടെ സിബിഐ ശുപാര്‍ശ ഒരു വര്‍ഷം മുമ്പുള്ളത്; വിജിലന്‍സിന് കേസില്ല; പിന്നെ എങ്ങനെ സിബിഐ കേസെടുക്കും; ആ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയത്; പ്രതിപക്ഷ നേതാവിന് ഒരു ചുക്കും സംഭവിക്കില്ല

തിരുവനന്തപുരം: പറവൂരിലെ പുനര്‍ജനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഈ കേസില്‍ സിബിഐ അന്വേഷണത്തിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തുവെന്നത് വസ്തുതയാണെങ്കിലും ആ റിപ്പോര്‍ട്ട് നിയമവകുപ്പ് തള്ളുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കാത്തതിനാല്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ വിലയിരുത്തല്‍. ഇതുകൊണ്ടു തന്നെ സിബിഐ അന്വേഷണം ഉണ്ടാകില്ല. ഇതുകൊണ്ട് തന്നെയാണ് ഒരു വര്‍ഷമായിട്ടും ഈ ശുപാര്‍ശ സിബിഐയ്ക്ക് പിണറായി സര്‍ക്കാര്‍ കൈമാറാത്തത്.

വിദേശ പണപ്പിരിവിനായി സതീശന്‍ കേന്ദ്ര സര്‍ക്കാരിന്റെയോ വിദേശ മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രളയബാധിതര്‍ക്കായി വിദേശത്തുപോയി പണം പിരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് 2020 ഒക്ടോബറില്‍ വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സതീശന്‍ പണപ്പിരിവിന് ആഹ്വാനം ചെയ്തത് മണപ്പാട് ഗ്രൂപ്പിന്റെ പദ്ധതിക്ക് വേണ്ടിയായിരുന്നു എന്നതാണ് അദ്ദേഹത്തിന് ആശ്വാസമാകുന്നത്. മണപ്പാട് ഗ്രൂപ്പിന് വിദേശനാണ്യം സ്വീകരിക്കാനുള്ള നിയമപരമായ അനുമതിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയല്ല, മറിച്ച് ഒരു സ്വകാര്യ ഏജന്‍സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാകാതെ നിയമപരമായാണ് മണപ്പാട് ഗ്രൂപ്പ് പണം എത്തിച്ചത് എന്നതിനാല്‍ സതീശനെതിരെ കേസെടുക്കാനാവില്ലെന്നാണ് നിഗമനം.

പ്രമുഖ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മണപ്പാട് ഗ്രൂപ്പാണ് പുനര്‍ജനി പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ സതീശനെ സഹായിച്ചത്. ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വി.ഡി. സതീശന്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്കും ഫണ്ട് ക്രോഡീകരണത്തിനും ഈ ഗ്രൂപ്പ് സൗകര്യമൊരുക്കിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് എം.എല്‍.എ പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം. എന്നാല്‍ താന്‍ നേരിട്ട് പണം പിരിച്ചിട്ടില്ലെന്നും മണപ്പാട് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതര്‍ക്ക് നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണുണ്ടായതെന്നുമുള്ള സതീശന്റെ വിശദീകരണം വിജിലന്‍സും ശരിവെച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ വെച്ച് 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന സതീശന്റെ വീഡിയോ പുറത്തുവന്നിരുന്നെങ്കിലും അത് മണപ്പാട് ഗ്രൂപ്പിന്റെ സംരംഭത്തിന് വേണ്ടിയായതിനാല്‍ കുറ്റകരമല്ലെന്ന് വിജിലന്‍സ് എസ്.പി തന്നെ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ കണക്കിലെടുത്താണ് വിജിലന്‍സ് ഡയറക്ടര്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ ശുപാര്‍ശ നിയമവകുപ്പ് തള്ളുകയും വിജിലന്‍സ് കേസെടുക്കാതിരിക്കുകയും ചെയ്തതോടെ സതീശനെതിരായ നീക്കങ്ങള്‍ അപ്രസക്തമായിരിക്കുകയാണ്.

സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ക്ക് മുന്നില്‍ പുനര്‍ജനി പദ്ധതിയുടെ ബോര്‍ഡ് സ്ഥാപിച്ച് എം.എല്‍.എ അവകാശവാദം ഉന്നയിക്കുകയാണെന്ന സി.പി.എം ആരോപണവും ഇതോടെ നിയമപരമായി നിലനില്‍ക്കാത്ത അവസ്ഥയിലായി. പുനര്‍ജനി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പല വീടുകളും മണപ്പാട് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്തവയാണ്. എന്നാല്‍ ഇത് എം.എല്‍.എയുടെ വ്യക്തിപരമായ നേട്ടമായി ചിത്രീകരിച്ചുവെന്നാണ് മറ്റൊരു വിമര്‍ശനം. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മണപ്പാട് ഗ്രൂപ്പ് വഴി നടന്ന പണമിടപാടുകളും സ്‌പോണ്‍സര്‍ഷിപ്പ് രേഖകളും പരിശോധിച്ചു.

മറുവാദം താന്‍ പണം നേരിട്ട് പിരിച്ചിട്ടില്ലെന്നും മണപ്പാട് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതര്‍ക്ക് നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണുണ്ടായതെന്നുമാണ് വി.ഡി. സതീശന്റെ വിശദീകരണവും എത്തി. വിദേശ മലയാളികളുടെയും വ്യവസായികളുടെയും സഹായം ഏകോപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഇല്ലെന്നും വിഡി വിശദീകരിച്ചിരുന്നു. ഇതാണ് വിജിലന്‍സിന്റേയും നിഗമനം. എന്നാല്‍ വിദേശ രാജ്യങ്ങളിലെ പങ്കുള്ളതിനാല്‍ സിബിഐ അന്വേഷണം നടത്താമെന്ന ശുപാര്‍ശയായിരുന്നു യോഗേഷ് ഗുപ്ത നല്‍കിത്. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്തയാക്കിയത്. ഒരു കൊല്ലം മുമ്പുള്ള ഈ റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളിയെന്ന വസ്തുതയാണ് വയര്‍ലസ് മീഡിയയുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.