തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കും മുന്‍പേ ആദ്യ പോസ്റ്റര്‍ പ്രചാരണവുമായി വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് അമ്പലമുക്ക് വാര്‍ഡ് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.
കേരളത്തിലെ പ്രധാന മുന്നണികളിലൊന്നിന്റെ പേരില്‍ ഇത്തവണ പുറത്തിറങ്ങുന്ന ആദ്യ പ്രചാരണ പോസ്റ്ററാണിത്. ‘കെ. മുരളീധരനെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്ന വാചകങ്ങളോടെയുള്ള പോസ്റ്റര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ആരും സ്വയം പ്രഖ്യാപിക്കരുതെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മുരളീധരന്റെ കാര്യത്തില്‍ ഇത് ബാധകമാകില്ലെന്ന വികാരമാണ് അണികള്‍ക്കിടയിലുള്ളത്.
നേരത്തെ രണ്ടു തവണ വട്ടിയൂര്‍ക്കാവില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മുരളീധരന് മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. വടകരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവച്ചപ്പോഴും വട്ടിയൂര്‍ക്കാവുമായുള്ള ആത്മബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയെ തടയാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം പോരിനിറങ്ങി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഈ സാഹചര്യത്തിലാണ് തന്റെ തട്ടകമായ വട്ടിയൂര്‍ക്കാവിലേക്ക് മുരളീധരന് മടങ്ങിയെത്തുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍ മുരളീധരന് സജീവമാണ്. വട്ടിയൂര്‍ക്കാവില്‍ തന്നെ മത്സരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് അദ്ദേഹം നേരത്തെ സൂചന നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ മുരളീധരന് തന്നെ വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വവും ഉന്നയിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കാനിരിക്കെ, വട്ടിയൂര്‍ക്കാവിലെ ഈ പോസ്റ്റര്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
സിപിഎമ്മിനായി പി എസ് പ്രശാന്ത് വീണ്ടും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയില്‍ അനിശ്ചിതത്വം ഏറെയാണ്. മുന്‍ പോലീസ് മേധാവി ശ്രീലേഖ, ശോഭാ സുരേന്ദ്രന് തുടങ്ങിയ പേരുകള്‍ പരിഗണനയിലുണ്ട്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൈക്കോടതി വിധിയിലും വിടാതെ സർക്കാർ; ശബരിമല വിമാനത്താവളത്തിനായി 24 പുതിയ തസ്തികകൾ





