തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അതീവ ഗുരുതരമായ പുതിയ തലങ്ങളിലേക്ക് കടക്കുകുന്നു. ക്ഷേത്രത്തില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള പുരാവസ്തുക്കളും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന നിഗമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ പുതിയ തിയറിയും ശബരിമല കേസില്‍ ചര്‍ച്ചയാവുകയാണ്.
മുന്‍പ് നടന്ന സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ കേരളത്തിലേക്ക് സ്വര്‍ണം എത്തിയതിനെക്കുറിച്ച് മാത്രമായിരുന്നെങ്കില്‍, ഇതേ ചാനലിലൂടെ കേരളത്തില്‍നിന്ന് വിദേശത്തേക്ക് പോയ പാഴ്സലുകളില്‍ എന്തായിരുന്നുവെന്ന ദുരൂഹതയാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. സെക്രട്ടേറിയറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലാതെ നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയില്ലാതെ ‘ഗ്രീന്‍ ചാനല്‍’ വഴി പാഴ്സലുകള്‍ കടത്തിവിട്ടതും ഭരണഘടനാപരമായ വലിയ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍നിന്ന് വിഗ്രഹങ്ങളും പൂജാവസ്തുക്കളും മോഷ്ടിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്ന മാഫിയയ്ക്ക് ഈ നയതന്ത്ര പഴുതുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം നിര്‍ണ്ണായക കണ്ടെത്തലുകളില്ലാതെ വഴിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. പരമാവധി പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ‘സ്വാഭാവിക ജാമ്യം’ എന്ന നിയമപരമായ ആനുകൂല്യം ഇവര്‍ക്ക് ജയില്‍ മോചനത്തിന് വഴിയൊരുക്കുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും ഉടന്‍ 60 ദിവസം തികയുന്നതോടെ പ്രതികളെല്ലാം പുറത്തിറങ്ങാനുള്ള പഴുതുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
മൂന്ന് മാസത്തോളമായി തുടരുന്ന അന്വേഷണത്തില്‍ സ്വര്‍ണപ്പാളികള്‍ക്ക് എന്ത് സംഭവിച്ചെന്നോ എത്രത്തോളം സ്വര്‍ണം നഷ്ടപ്പെട്ടെന്നോ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു. മുഖ്യപ്രതിയുടെ ഫോണ്‍ രേഖകളില്‍ രാഷ്ട്രീയ ഉന്നതരുടെയും ജനപ്രതിനിധികളുടെയും വിവരങ്ങള്‍ ഉണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിമുഖത കാട്ടുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന എഡിജിപിയെ മാറ്റി നിര്‍ത്താന്‍ ഹൈക്കോടതി ആലോചിക്കുന്നതിനിടെ, കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ശുപാര്‍ശ ചെയ്തത് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇടതുപക്ഷത്തെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ അന്വേഷണം പൂര്‍ണ്ണമായും കേന്ദ്ര ഏജന്‍സികളുടെ കൈകളിലെത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ശബരിമല സ്വര്‍ണക്കൊള്ളക്കേസിന്റെ ഭാവി തീരുമാനിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശൂര്‍ കലക്ടറുടെ മാറ്റം: പിന്നില്‍ ടോള്‍ മാഫിയയോ? ജനങ്ങള്‍ക്കായി നിലപാടെടുത്താല്‍ പണികിട്ടുമെന്ന് സോഷ്യല്‍ മീഡിയ; പാണ്ഡ്യനെ മാറ്റിയത് എന്തിന്?





