തൃശൂര്‍: മികച്ച കലക്ടര്‍ക്കുള്ള റവന്യു വകുപ്പിന്റെ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യനെ അടിയന്തരമായി സ്ഥലംമാറ്റിയ നടപടിയില്‍ ദുരൂഹതയാരോപിച്ച് സോഷ്യല്‍ മീഡിയ. ദേശീയപാതയിലെ കുഴപ്പങ്ങള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന കലക്ടറുടെ കര്‍ക്കശ നിലപാടാണോ കാസര്‍കോട്ടേക്കുള്ള ഈ ‘നാടുകടത്തലിന്’ പിന്നിലെന്നാണ് പ്രധാന ചര്‍ച്ച. ജനപക്ഷത്ത് നിന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും രക്ഷയില്ലെന്നാണോ സര്‍ക്കാര്‍ നല്കുന്ന സന്ദേശമെന്നും ചോദ്യമുയരുന്നു.
ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലെ യാത്രാദുരിതം പരിഹരിക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടിരുന്നു. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ഈ നീക്കം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്. ഉന്നതങ്ങളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും തന്റെ നിലപാടില്‍ ഉറച്ചുനിന്ന കലക്ടറെ ഹൈക്കോടതി പോലും അഭിനന്ദിച്ചിരുന്നു.
ടോള്‍ കമ്പനിയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസോ ചീഫ് സെക്രട്ടറിയോ ഇടപെട്ടതാണോ ഈ മാറ്റത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരസ്യമായി ആരോപിച്ചു കഴിഞ്ഞു. റവന്യു വകുപ്പ് പോലുമറിയാതെ നടന്ന ഈ സ്ഥലംമാറ്റം ടോള്‍ മാഫിയയുടെ വിജയമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം. ഇനി അര്ജുന് പാണ്ഡ്യന് പുതിയ കലക്ടര്‍ ശിഖ സുരേന്ദ്രന് ചുമതല കൈമാറും. തൃശൂര്‍ ജില്ലയുടെ 48-ാമത് കലക്ടറായാണ് ശിഖ സുരേന്ദ്രന് എത്തുന്നത്. ഹരിത വി. കുമാറിന് ശേഷം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന വനിതാ കലക്ടര്‍ കൂടിയാണവര്‍.
2018 കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രന്, സിവില്‍ സര്‍വീസില്‍ ദേശീയതലത്തില്‍ 16-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയ വ്യക്തിയാണ്. മുന്‍പ് തൃശൂരില്‍ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറായും ടൂറിസം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം കോലഞ്ചേരി വടയമ്പാടി സ്വദേശിയാണ്. ജനകീയനായ ഒരു ഉദ്യോഗസ്ഥനെ പുരസ്കാരം നല്കി ആദരിച്ച തൊട്ടുപിന്നാലെ തന്നെ മാറ്റിയതിലെ യുക്തിയാണ് ആര്‍ക്കും മനസ്സിലാകാത്തത്. അര്ജുന് പാണ്ഡ്യന്റെ മാറ്റം അതുകൊണ്ട് തന്നെ വിവാദമാകുന്നു.
‘നല്ലത് ചെയ്താല്‍ ശിക്ഷ ഉറപ്പ്’ എന്ന ഹാഷ്ടാഗുകളോടെയാണ് കലക്ടറെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ-മാഫിയാ അവിശുദ്ധ കൂട്ടുകെട്ടാണോ തൃശൂരിന്റെ വികസനത്തിന് തടയിടുന്നതെന്ന ചോദ്യം വരുംദിവസങ്ങളില്‍ സര്‍ക്കാരിന് വലിയ തലവേദനയായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിന് പതിവുപോലെ അവഗണ; അതിവേഗ റെയിലുമില്ല; എയിംസുമില്ല; സാമ്പത്തികനേട്ടവും സംശയത്തില്‍; സംസ്ഥാന ബി.ജെ.പിയില്‍ മ്ലാനത





