ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ പവിത്രതയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടന്ന മെഗാ സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്രീകോവിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണപ്പാളികളും കൊള്ളയടിക്കപ്പെട്ടു. ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേപനം ചെയ്ത ചെമ്പുപാളികളില്‍ നിന്ന് അതീവ വിദഗ്ധമായാണ് സ്വര്‍ണ്ണം അടര്‍ത്തിയെടുത്തത്. നിലവില്‍ 989 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കെങ്കിലും വിഎസ്എസ്സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കൊള്ളയുടെ യഥാര്‍ത്ഥ വ്യാപ്തി ഇനിയും കുതിച്ചുയരുമെന്ന് ഉറപ്പായിട്ടുണ്ട്.

2019 ജൂലൈ മാസത്തില്‍ നടന്ന ഈ ആസൂത്രിത കൊള്ളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ സ്രാവുകളാണെന്നാണ് സൂചന. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ മിനുക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തത്. ചെന്നൈയിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന സ്ഥാപനത്തിലെത്തിച്ച് അതീവ വീര്യമുള്ള രാസമിശ്രിതം ഉപയോഗിച്ചാണ് പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം പ്രതികള്‍ കൈക്കലാക്കുകയും ബാക്കി ഭാഗം ബെല്ലാരിയിലെ ഒരു ജ്വല്ലറി ഉടമ വഴി മറിച്ചുവില്‍ക്കുകയുമായിരുന്നു.

സാധാരണഗതിയില്‍ ഇത്തരം മിനുക്കുപണികള്‍ നടക്കുമ്പോള്‍ ദേവസ്വം വിജിലന്‍സും ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരും കര്‍ശന മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. എന്നാല്‍, ഈ കേസില്‍ പ്രതികള്‍ക്ക് പാളികള്‍ യഥേഷ്ടം പുറത്തേക്ക് കടത്താന്‍ ഉദ്യോഗസ്ഥര്‍ തന്നെ മൗനാനുവാദം നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വര്‍ണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുന്ന പഴയ കണക്കുപുസ്തകങ്ങളിലും സ്റ്റോക്ക് രജിസ്റ്ററുകളിലും വ്യാപകമായ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം ഇളക്കി മാറ്റിയ ശേഷം പാളികള്‍ തിരികെ സ്ഥാപിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടില്ലെന്ന് നടിച്ച ഉദ്യോഗസ്ഥരുടെ നടപടി ദുരൂഹമാണ്.

ചെന്നൈയിലെ സ്ഥാപനത്തിലേക്ക് ഈ പാളികള്‍ കൊണ്ടുപോകാന്‍ ഔദ്യോഗികമായ ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ കൃത്യമായ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നതെന്ന് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയില്‍ പറയുന്നു. കൊള്ള നടന്ന കാലയളവില്‍ ചുമതലയിലിരുന്ന ദേവസ്വം കമ്മീഷണര്‍മാര്‍, മരാമത്ത് വിഭാഗത്തിലെ എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് നേരെയാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് ഉറപ്പിക്കാന്‍ വിഎസ്എസ്സിയിലെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്രകൊള്ളയിലെ കൂടുതല്‍ വിഐപി അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.