ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; ഒളിയമ്പ് ബിജെപിക്കെതിരെ; കേരള മോഡല്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ പിണറായി

വര്‍ക്കല: ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യമാർന്ന ഉപസംസ്കാരങ്ങളെയും തകർത്ത് ഏകശിലാരൂപത്തിലുള്ള സാംസ്കാരിക ഫാസിസം അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 93-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹ്യങ്ങളെയും കല്‍പ്പിത കഥകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിച്ച് മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യവാഞ്ഛയെയും ചങ്ങലയ്ക്കിടാനാണ് ഭരണകൂട അധികാരം ഉപയോഗിച്ച് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മന്ത്രിസഭാ യോഗം ഉള്ളതിനാല്‍ അധ്യക്ഷ പ്രസംഗത്തിന് മുന്‍പേ സംസാരിച്ച മുഖ്യമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെയാണ് മടങ്ങിയത്. ഇതിന് കൃത്യമായ വിശദീകരണം അദ്ദേഹം വേദിയില്‍ നല്‍കി. ബിജെപിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും കേന്ദ്ര ഭരണകൂടത്തിന്റെ നീക്കങ്ങളെ പരോക്ഷമായി കടന്നാക്രമിക്കുന്ന രീതിയായിരുന്നു മുഖ്യമന്ത്രിയുടേത്.

ലോകം നേരിടുന്ന സംഘര്‍ഷങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രീനാരായണ ഗുരുവിന്റെ ‘മനുഷ്യത്വമാണ് ജാതി’ എന്ന സങ്കല്‍പ്പത്തിന് സാധിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 1957-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ വിപ്ലവുമാണ് ‘കേരള മോഡലിന്’ അടിത്തറയിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരു നിര്‍ദ്ദേശിച്ച ശുചിത്വം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ ആശയങ്ങളാണ് ഹരിതകേരളം, വിദ്യാകിരണം, ലൈഫ്, ആര്‍ദ്രം തുടങ്ങിയ മിഷനുകളിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സാധാരണക്കാരുടെ മക്കള്‍ക്ക് ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ ഗുരുവിന്റെ ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന സന്ദേശമാണ് സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവഗിരി മഠം ഭാരവാഹികളും വിവിധ ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.