സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം ; ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല വ്യാപിക്കുന്നു. ഇന്നലെ 18 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായാണ് 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇന്നലെ രോഗം ബാധിച്ച മലപ്പുറം കീഴാറ്റൂര്‍ സ്വദേശി മരിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കടയിലെ ബേക്കറിയിലെ ശീതളപാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഇന്നലെയാണ് കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുള്ള കുഴല്‍കിണറില്‍ നിന്നാണ് ഇവിടുത്തേക്ക് വെള്ളം എടുക്കുന്നത്. മറ്റ് കടകളിലേക്കും ഈ കിണറില്‍ നിന്ന് തന്നെയാണ് വെള്ളം എടുക്കുന്നതെങ്കിലും ഈ സ്ഥാപനങ്ങളിലെ പാനീയങ്ങളില്‍ ഒന്നും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ബേക്കറിയിലെ പാനീയം പഞ്ചായത്ത് അധികൃതര്‍ വീണ്ടും പരിശോധനക്ക് അയച്ചു. ഇതുവരെ ആര്‍ക്കും ഷിഗെല്ലയുടെ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുള്ള ബേക്കറിയായതിനാല്‍ ദിനം പ്രതി നിരവധി പേരാണ് ഇവിടെ നിന്ന് പാനീയം വാങ്ങി കുടിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

അതേസമയം പകര്‍ച്ച വ്യാധി സമയത്ത് 15 ദിവസം അവധി എടുത്തതിനാല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.ജെ റീനയെ സര്‍ക്കാര്‍ മാറ്റി. അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി മീനാക്ഷിക്കാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നില്‍. പകര്‍ച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതില്‍ കെ.മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. അതിന് പിന്നാലെയാണ് ഡോ. റീനയ്ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.