കാപ്പ ചുമത്തിയ സുഗതന് ഉടനൊന്നും ജാമ്യമില്ല; ബിജെപി കൗണ്‍സിലര്‍ക്കായി ശക്തമായ പ്രതിരോധം തീര്‍ത്ത് ആര്‍. ശ്രീലേഖ; ആഭ്യന്തര മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ, കൗണ്‍സിലര്‍ക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധവുമായി ബിജെപി. സുഗതനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അഭിനന്ദിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തള്ളിയും വട്ടിയൂര്‍ക്കാവ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഭ്യന്തര വകുപ്പിനെയും വട്ടിയൂര്‍ക്കാവ് പോലീസിനെയും രൂക്ഷമായ ഭാഷയില്‍ ശ്രീലേഖ വിമര്‍ശിച്ചത്.
സുഗതന്‍ ഗുണ്ടയല്ലെന്നും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ജനപ്രതിനിധിയാണെന്നും പറഞ്ഞ ശ്രീലേഖ, കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ വിധേയത്വം വിട്ടുമാറാത്ത പോലീസുകാരാണ് ഇപ്പോഴും ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ആരോപിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സിപിഎം ഭരണത്തില്‍ കേരളത്തില്‍ നടന്ന സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഗുണ്ടാ വിളയാട്ടത്തിനെതിരെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന യുവാവാണ് സുഗതനെന്ന് ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു. വട്ടിയൂര്‍ക്കാവിലെ സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും നാട്ടുകാര്‍ക്ക് വേണ്ടി പൊരുതുകയും ചെയ്തതുകൊണ്ടാണ് സിപിഎം നേതാക്കളുടെ ആജ്ഞപ്രകാരം സുഗതനെതിരെ പോലീസ് കള്ളക്കേസുകള്‍ എടുത്തത്. ഇതെല്ലാം അറിയാവുന്നതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സുഗതനെ വിജയിപ്പിച്ചത്.
വട്ടിയൂര്‍ക്കാവില്‍ സുഗതന്‍ നേടിയ വിജയം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. 25 വാര്‍ഡുകളുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 എണ്ണം ബിജെപിയും 9 എണ്ണം കോണ്‍ഗ്രസും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പോലീസ് തനിക്കെതിരെയും രണ്ട് കള്ളക്കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ വെളിപ്പെടുത്തി.
കേരളത്തില്‍ ഭരണം മാറിയെങ്കിലും മറ്റൊന്നും മാറിയിട്ടില്ലെന്നാണ് നിലവിലെ പോലീസ് നടപടികള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സിപിഎം പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന അടിമകളും വിധേയരുമാണെന്ന് ശ്രീലേഖ കുറ്റപ്പെടുത്തുന്നു. ജൂണ്‍ 9-ന് രാത്രി 9 മണിക്ക് സിപിഎം നേതാക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീടിന് മുന്നില്‍ അരങ്ങേറിയത്.
ഒരു അന്താരാഷ്ട്ര മാഫിയ തലവനെയോ ഭീകരവാദിയോ പിടികൂടുന്ന രീതിയിലാണ് വട്ടിയൂര്‍ക്കാവ് പോലീസ് സുഗതന്റെ വീട്ടില്‍ അര്‍ദ്ധരാത്രി പാഞ്ഞുകയറിയത്. വെറും നാലുപേര്‍ മാത്രമുള്ള വീട്ടിലേക്ക് ഒരു പ്ലാറ്റൂണ്‍ സായുധ പോലീസുമായി രണ്ട് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും എത്തിയത്.
വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും, അവിടെയുണ്ടായിരുന്ന സ്ത്രീക്ക് നേരെ ശാരീരിക ആക്രമണം നടത്തുകയും ചെയ്തു. അതൊന്നും പോരാതെ വലിയ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനെന്ന വണ്ണം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഫ്തി വേഷത്തില്‍ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ ചീപ്പ് ഹീറോയിസം കാണിക്കുകയായിരുന്നുവെന്നും ശ്രീലേഖ ആരോപിക്കുന്നു.
വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ ഒരു പക്കാ കമ്മ്യൂണിസ്റ്റ് പോലീസുകാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎം സര്‍ക്കാര്‍ ഇയാളെ പ്രത്യേക താല്പര്യമെടുത്ത് ചെങ്ങന്നൂരില്‍ നിന്നാണ് വട്ടിയൂര്‍ക്കാവിലേക്ക് സ്ഥലം മാറ്റിയത്. വട്ടിയൂര്‍ക്കാവില്‍ മൂന്നാം വട്ടവും അഡ്വ. വി.കെ. പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു ഈ നിയമനം.
വിപിനെ വട്ടിയൂര്‍ക്കാവില്‍ നിയമിച്ചതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം നിലവിലെ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്ക് അറിയാമോ എന്ന് ഉറപ്പില്ലെന്നും, എന്നാല്‍ മുന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിക്ക് അത് കൃത്യമായി അറിയാമെന്നും ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. സുഗതന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്.
കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വിധേയത്വം മാറാത്ത പോലീസുകാര്‍ സുഗതനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ഒന്നും തന്നെ പുതിയ സര്‍ക്കാരിനെയോ ആഭ്യന്തര മന്ത്രാലയത്തെയോ അറിയിക്കാന്‍ പോകുന്നില്ല. അതുകൊണ്ടാണ് മുന്‍ ഡിജിപി എന്ന നിലയില്‍ തനിക്ക് ഈ കാര്യങ്ങള്‍ തുറന്നുപറയേണ്ടി വന്നതെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി.
ജനസേവകരെയും ജനപ്രതിനിധികളെയും ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിക്കുന്ന പോലീസിന്റെ ‘പട്ടിഷോ’ കണ്ട് അവരെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസുകാരനല്ല, മറിച്ച് ‘ഇണ്ടി മുന്നണി’യുടെ (INDIA മുന്നണി) ഭാഗം മാത്രമാണെന്ന് ജനം കരുതിയാല്‍ അതില്‍ അതിശയിക്കാനില്ലെന്ന് പറഞ്ഞാണ് ശ്രീലേഖ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കാപ്പ ചുമത്തിയതിനാല്‍ സുഗതന് ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പോലീസിനെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.