കോഴിക്കോട്: വടകര നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കാന്‍ നിര്‍മ്മിച്ച ‘കാഫിര്‍ സ്ക്രീന്‍ഷോട്ട്’ വിവാദത്തില്‍ സി.പി.എം മുന്‍ എം.എല്‍.എ കെ.കെ. ലതികയ്ക്കും പൂട്ടു വീഴാന്‍ സാധ്യത. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സൈബര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വലിപ്പച്ചെറുപ്പമില്ലാതെ വ്യാപിപ്പിച്ചതോടെ ലതികയും ഇപ്പോള്‍ പൂര്‍ണ്ണമായും അന്വേഷണ പരിധിയിലായിരിക്കുകയാണ്. സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെയും പേജ് അഡ്മിന്മാരെയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ, മുന്‍ എം.എല്‍.എ കൂടിയായ ലതികയെയും എസ്.ഐ.ടി വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന ാേസൂചനകള്.
കേസിലെ ശാസ്ത്രീയ തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്, ‘അമ്പാടിമുക്ക് സഖാക്കള്‍’ ഫെയ്സ്ബുക്ക് പേജ് അഡ്മിന് മനീഷ്, ‘റെഡ് ബറ്റാലിയന്’ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത അമല്റാം എന്നിവരെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിലവില്‍ സാക്ഷികളാണെങ്കിലും ഇവര്‍ പോസ്റ്റ് ചെയ്തതിന്റെ കൃത്യമായ ശാസ്ത്രീയ ഡിജിറ്റല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പക്കലുണ്ട്.
തിരഞ്ഞെടുപ്പ് വേളയില്‍ ഈ വ്യാജ സ്ക്രീന്‍ഷോട്ട് കെ.കെ. ലതികയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് തുടക്കം മുതലേ വലിയ വിവാദമായിരുന്നു. ഉത്തരവാദപ്പെട്ട ഒരു മുന്‍ ജനപ്രതിനിധി ഇത്തരമൊരു വ്യാജ സന്ദേശം തന്റെ പേജിലൂടെ പ്രചരിപ്പിച്ചത് ബോധപൂര്‍വ്വമാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ലതികയെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, തനിക്ക് ഇതുവരെ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത ഉണ്ടാക്കുകയാണെന്നുമാണ് ലതികയുടെ പ്രതികരണം. നോട്ടീസ് കിട്ടിയാല്‍ പരിശോധിച്ച് മറുപടി പറയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ‘പോരാളി ഷാജി’ ഫെയ്സ്ബുക്ക് പേജ്, ‘അമ്പാടിമുക്ക് സഖാക്കള്‍’ പേജ്, ‘റെഡ് ബറ്റാലിയന്’, ‘റെഡ് എന്‍കൗണ്ടേഴ്സ്’ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഈ വിദ്വേഷ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സന്ദേശം പോസ്റ്റ് ചെയ്ത വഹാബ്, മനീഷ്, അമല്റാം, റിബേഷ് എന്നിവരുടെ മൊഴിയെടുത്ത് ആദ്യഘട്ടത്തില്‍ സാക്ഷികളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ എസ്.ഐ.ടി അന്വേഷണം കേവലം ഉപരിപ്ലവമായ മൊഴികളിലൊതുങ്ങാതെ സന്ദേശത്തിന്റെ ഡിജിറ്റല്‍ ഉറവിടത്തിലേക്ക് നേരിട്ട് വഴിതുറന്നിരിക്കുകയാണ്.
ഡിവൈഎഫ്ഐ നേതാവായ റിബേഷിന് ഈ സന്ദേശം ലഭിച്ചത് ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ജിതിന് ഭാസ്കര്‍ വഴിയാണെന്ന് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതോടെ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യമായി നിര്‍മ്മിച്ചതോ അല്ലെങ്കില്‍ ഗ്രൂപ്പുകളിലേക്ക് ആദ്യമായി എത്തിച്ചതോ ആയ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് അന്വേഷണം വളരെ വേഗത്തില്‍ അടുക്കുകയാണ്. ഇതിനിടയിലാണ് ലതികയുടെ പങ്കിനെക്കുറിച്ചും സൈബര്‍ സെല്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്.
വിവരം ആദ്യമായി ലഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളും അഡ്മിന്മാരും സി.പി.എമ്മിന്റെയും ഇടത് സംഘടനകളുടെയും സജീവ പ്രവര്‍ത്തകരും നേതാക്കളുമാണ് എന്നതിനാല്‍ പാര്‍ട്ടി നേതൃത്വവും ഇപ്പോള്‍ വലിയ പ്രതിരോധത്തിലാണ്. നവമാധ്യമങ്ങള്‍ വഴി എതിരാളികളെ വ്യക്തിഹത്യ നടത്താന്‍ പാര്‍ട്ടി സൈബര്‍ വിംഗുകള്‍ ഉപയോഗിച്ച തന്ത്രം ഒടുവില്‍ സ്വന്തം നേതാക്കള്‍ക്ക് തന്നെ വിനയായി മാറുന്ന കാഴ്ചയാണ് വടകരയില്‍ കാണുന്നത്. നിയമസഭയ്ക്കകത്തും പുറത്തും പുതിയ യു.ഡി.എഫ് സര്‍ക്കാരിന് സി.പി.എമ്മിനെ രാഷ്ട്രീയമായി തളര്‍ത്താന്‍ ലഭിച്ച വലിയൊരു ആയുധമാണിത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെയും സൈബര്‍ അഡ്മിന്മാരെയും ചോദ്യം ചെയ്യലിനായി എസ്.ഐ.ടി വിളിപ്പിക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൃത്യമായതിനാല്‍ പോലീസിന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ല. വ്യാജരേഖ ചമയ്ക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ കടുത്ത വകുപ്പുകള്‍ നിലനില്‍ക്കുന്ന കേസ് ആയതിനാല്‍, ചോദ്യം ചെയ്യലില്‍ മൊഴികള്‍ മാറ്റിപ്പറഞ്ഞാല്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടാനും നിയമനടപടികള്‍ നേരിടേണ്ടി വരാനും സാധ്യതയേറെയാണ്. വടകര സ്ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ആരാണെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കൊയിലാണ്ടിയിലെയും വടകരയിലെയും രാഷ്ട്രീയ അന്തരീക്ഷത്തെ വീണ്ടും ചൂടുപിടിപ്പിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2026 നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വൈകിട്ട് 4-ന് വാര്‍ത്താസമ്മേളനം





