വാഷിങ്ടണ്‍/ടെഹ്റാന്: പശ്ചിമേഷ്യയിലെ സൈനിക അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ കായികരംഗത്തും അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നു. ജൂണ്‍ 15-ന് ലോസ് ആഞ്ചലസില്‍ നടക്കുന്ന ഇറാന്റെ ആദ്യ ലോകകപ്പ് മത്സരത്തിന് പത്ത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാന്റെ ദേശീയ ഫുട്ബോള്‍ ടീമിലെ പ്രധാനപ്പെട്ട ഭാരവാഹികള്‍ക്കും സാങ്കേതിക ഉപദേശകര്‍ക്കും അമേരിക്ക വിസ നിഷേധിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഇറാന് ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും മത്സരത്തിന് ആവശ്യമായ അത്യാവശ്യ സപ്പോര്‍ട്ട് സ്റ്റാഫിനും വെള്ളിയാഴ്ച വിസ അനുവദിച്ചതായി യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ടീമിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കായികരംഗത്ത് അമേരിക്ക രാഷ്ട്രീയ പ്രേരിതമായി ഇടപെടുകയാണെന്ന് തുര്‍ക്കിയിലെ ഇറാന് എംബസി കുറ്റപ്പെടുത്തി. ഫുട്ബോള്‍ ഫെഡറേഷന് മേധാവി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, മീഡിയ ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ 15 ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ് അമേരിക്ക യാത്രാാനുമതി നിഷേധിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പോര്‍ട്സിന്റെ മറവില്‍ അമേരിക്കയിലേക്ക് ഭീകരരെ ഒളിച്ചുകടത്താന്‍ ഇറാനെ അനുവദിക്കില്ലെന്നാണ് വിസ നിഷേധിച്ചതിനെക്കുറിച്ച് യുഎസ് അധികൃതര്‍ നല്കുന്ന വിശദീകരണം. കടുത്ത നിബന്ധനകളോടെയാണ് കളിക്കാര്‍ക്ക് വിസ അനുവദിച്ചിട്ടുള്ളത്. പുതിയ നിബന്ധനകള്‍ പ്രകാരം മത്സരമുള്ള ദിവസം മാത്രമേ ഇറാന് ടീമിന് അമേരിക്കയില്‍ തുടരാന്‍ അനുവാദമുള്ളൂ. മത്സരം കഴിഞ്ഞയുടന്‍ അവര്‍ യുഎസ് അതിര്‍ത്തി വിടണമെന്ന് മെക്സിക്കോയിലെ ഇറാന് അംബാസഡര്‍ വ്യക്തമാക്കി.
അമേരിക്കയുടെ ഈ നടപടി വംശീയവും വിവേചനപരവുമാണെന്നും, തങ്ങളുടെ ദേശീയ ടീമിനെതിരെയുള്ള ആസൂത്രിതമായ നീക്കങ്ങള്‍ യുഎസ് അതിന്റെ അത്യുന്നത തലത്തില്‍ എത്തിച്ചിരിക്കുകയാണെന്നും ഇറാന് ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രതികരിച്ചു.
വിസ വിവാദങ്ങള്‍ പുകയുന്നതിനിടയിലും തുര്‍ക്കിയിലെ പരിശീലന ക്യാമ്പില്‍ നിന്നും ഇറാന് ഫുട്ബോള്‍ ടീം ലോകകപ്പ് മത്സരങ്ങള്‍ക്കായി ശനിയാഴ്ച യാത്ര തിരിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി മെക്സിക്കോയിലാണ് ഇറാന് ടീമിന്റെ താവളം ഒരുക്കിയിട്ടുള്ളത്. 20 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്ക് ശേഷം ടീം ഞായറാഴ്ച പുലര്‍ച്ചെയോടെ മെക്സിക്കോയില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കായികമാമാങ്കത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്പോര് വരുംദിവസങ്ങളില്‍ കൂടുതല്‍ കടുക്കാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2026 ലോകകപ്പിന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ





