തിരുവനന്തപുരം: നാലാഞ്ചിറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ കലഹത്തോടൊപ്പം ഭര്‍ത്താവിന്റെ തീവ്രമായ സംശയരോഗവുമാണ് ഹസീനയുടെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ പ്രതി സുരേഷ് കൃത്യം നടത്തിയ ശേഷം ചോരപുരണ്ട കത്തി ശുചിമുറിയില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയ ശേഷമാണ് കാറില്‍ കയറി രക്ഷപ്പെട്ടത്. മണക്കാട് സ്വദേശിനിയായ ഹസീനയാണ് (40) ക്രൂരമായി കൊല്ലപ്പെട്ടത്.
സുരേഷും ഹസീനയും ഇവരുടെ നാല് മക്കളും നാല് മാസം മുന്‍പാണ് നാലാഞ്ചിറ ഉദയന്നൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഈ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ തൊട്ടടുത്ത അയല്‍വാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
കുറച്ചുനാള്‍ മുന്‍പ് ഹസീനയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. ഹസീന മടങ്ങിയെത്തിയതോടെ സുരേഷിന്റെ സംശയരോഗം കൂടുകയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുകയുമായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. രാവിലെ വീണ്ടും ഇരുവരും തമ്മില്‍ കടുത്ത വഴക്കുണ്ടാവുകയും, പിന്നാലെ സുരേഷ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് മക്കളുടെ മുന്നിലിട്ട് ഹസീനയുടെ കഴുത്തറുക്കുകയുമായിരുന്നു. കഴുത്തറുത്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ബാത്‌റൂമില്‍ പോയി കത്തി കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇയാള്‍ കാറെടുത്ത് സ്ഥലംവിട്ടത്.
കൊലപാതകത്തിന് പിന്നാലെ ഹസീനയുടെ സഹോദരനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുന്നത്. തുടര്‍ന്ന് പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കണ്ണുമുന്നില്‍ സ്വന്തം അമ്മയെ അച്ഛന്‍ കഴുത്തറുത്ത് കൊല്ലുന്നതിന് സാക്ഷികളാകേണ്ടി വന്ന ദമ്പതികളുടെ നാല് മക്കളും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലും സുരക്ഷിത സംരക്ഷണത്തിലുമാണ്. ക്രൂരമായ ഈ കൃത്യത്തിന് സാക്ഷികളായ കുട്ടികള്‍ വലിയ മാനസികാഘാതത്തിലാണ്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ വട്ടിയൂര്‍ക്കാവ് സ്വദേശി സുരേഷിനായി സിറ്റി പോലീസ് പ്രത്യേക സംഘ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതി സംസ്ഥാനം വിടാതിരിക്കാന്‍ അതിര്‍ത്തികളിലടക്കം പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അച്ഛനെതിരെ പരാതി നല്കാന് കമ്മീഷണര്‍ ഓഫീസിലെത്തി, പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞു. അമലിനെ മാനവീയം വീഥിയില്‍ നിന്ന് പിടികൂടി പോലീസ്





