പി.എം. സുരേഷ് ബാബുവിന്റെ അധ്യക്ഷപദവി ശശീന്ദ്രനെ ചൊടിപ്പിച്ചു; എന്‍.സി.പി (എസ്) ലേബല്‍ ഇനി വിമതര്‍ക്ക് കിട്ടില്ല; ശശീന്ദ്രനെ എല്‍.ഡി.എഫ് യോഗങ്ങളില്‍ ഇരുത്തരുത്; മുന്നണിക്ക് കത്തുനല്‍കാന്‍ ഔദ്യോഗിക വിഭാഗം; തോറ്റമ്പിയവര്‍ പാര്‍ട്ടി പിളര്‍ത്താന്‍ നോക്കുന്നത് തടയാന്‍ ദേശീയ നേതൃത്വം; സി.പി.എം നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: കേരളത്തിലെ എന്‍.സി.പി (എസ്) പാര്‍ട്ടിക്കുള്ളിലെ കലഹങ്ങളുടെ യഥാര്‍ത്ഥ കാരണം ഒടുവില്‍ പുറത്ത്. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ച ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനമാണ് എ.കെ. ശശീന്ദ്രനെയും കൂട്ടരെയും വല്ലാതെ ചൊടിപ്പിച്ചത്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന അധികാരപ്പോര് പരസ്യമായ പിളര്‍പ്പിലേക്ക് വഴിമാറുകയാണ്. പാര്‍ട്ടിയെയും അണികളെയും തെറ്റിദ്ധരിപ്പിക്കാന്‍ വിമതര്‍ ഉന്നയിക്കുന്ന വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് ശരത് പവാറിന്റെ ദേശീയ നേതൃത്വം കടുത്ത പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
പി.എം. സുരേഷ് ബാബുവിന്റെ അധ്യക്ഷ പദവിയിലൂടെ പാര്‍ട്ടിയുടെ ഭരണം പൂര്‍ണ്ണമായും കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെയാണ് ശശീന്ദ്രന്‍ പക്ഷം സമാന്തര നീക്കങ്ങളുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ കടുത്ത നിലപാടോടെ വിമതര്‍ക്ക് ഇനി എന്‍.സി.പി (എസ്) എന്ന ഔദ്യോഗിക ലേബലില്‍ രാഷ്ട്രീയ മണ്ണില്‍ തുടരാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മുന്നോട്ട് പോകുന്ന എ.കെ. ശശീന്ദ്രനെ ഇടതുമുന്നണി (എല്‍.ഡി.എഫ്) യോഗങ്ങളില്‍ ഇനി ഒപ്പമിരുത്തരുതെന്നും സഹകരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ശരത് പവാര്‍ വിഭാഗം ഇടതുമുന്നണി നേതൃത്വത്തിന് ഔദ്യോഗികമായി കത്തു നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ഈ അടിയൊഴുക്കുകളില്‍ സി.പി.എം ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
വര്‍ഷങ്ങളായി അധികാരക്കസേരകള്‍ കൈയടക്കിവെച്ചിരുന്ന ചില നേതാക്കള്‍ പുതുമുഖങ്ങള്‍ക്ക് വഴിമാറാന്‍ തയ്യാറാകാത്തതാണ് എന്‍.സി.പിയിലെ എല്ലാ തര്‍ക്കങ്ങള്‍ക്കും ആധാരം. ജനവികാരം തള്ളി വീണ്ടും മത്സരരംഗത്തിറങ്ങി ദയനീയമായി പരാജയപ്പെട്ട ഇവര്‍, തങ്ങളുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെക്കാനാണ് പച്ചക്കള്ളങ്ങളിലൂടെ ശ്രമിക്കുന്നത്. തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ പിളര്‍ത്താനും സാധാരണക്കാരായ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്ന ഇത്തരം അധികാരമോഹികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും കൈയൊഴിയുമെന്ന് എന്‍.സി.പി (എസ്) ദേശീയ സെക്രട്ടറി അഡ്വ. ആര്‍. സതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയ തലത്തില്‍ വ്യക്തമായ പാര്‍ലമെന്ററി കരുത്തുള്ള എന്‍.സി.പി (എസ്) പ്രസ്ഥാനത്തിന് കേരളത്തിലെ ചില നേതാക്കളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യമില്ലെന്ന സന്ദേശമാണ് ശരത് പവാര്‍ ക്യാമ്പ് നല്‍കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും പദവികളും പി.സി. ചാക്കോ നയിക്കുന്ന വിഭാഗത്തിന് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഔദ്യോഗിക ചിഹ്നമില്ലാതെ വിമത ചേരിയുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന എ.കെ. ശശീന്ദ്രന്‍ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി വരും ദിവസങ്ങളില്‍ കടുത്ത പ്രതിസന്ധിയിലാകും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.