ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ശക്തമാകുന്നു. കേരളത്തിന് പിന്നാലെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലും പ്രിയങ്കയുടെ വിശ്വസ്തന് അധികാരത്തിലേക്ക് എന്ന് സൂചന. കടുംപിടുത്തങ്ങള്ക്കൊടുവില് മുഖ്യമന്ത്രി സിദ്ധരാമയ്യ വഴങ്ങിയതോടെ, കര്‍ണാടകത്തില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ അടുത്ത ആഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ സജീവമായി ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും, ഒടുവില്‍ കോണ്‍ഗ്രസിന്റെ ‘ട്രബിള്‍ ഷൂട്ടര്‍’ ഡി.കെ. ശിവകുമാറിന് തന്നെ നറുക്കുവീഴുകയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണയാണ് മറ്റ് നേതാക്കളെ മറികടന്ന് ഡി.കെയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വഴിതുറന്നത്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുണ്ടാക്കിയ ‘രണ്ടര വര്‍ഷം വീതം’ എന്ന അധികാര പങ്കിടല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നീക്കം. കൂടുതല്‍ കണ്ഫ്യൂഷനുകള് ഒഴിവാക്കി സുഗമമായ ഭരണമാറ്റത്തിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ബെംഗളൂരുവിലെത്തും.
അടിയന്തര യാത്രാ മാറ്റം: ചൊവ്വാഴ്ച ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡി.കെ. ശിവകുമാര്‍ തന്റെ യാത്രാ പദ്ധതികള്‍ മാറ്റി വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും. എം.എല്‍.എമാരുടെ യോഗം: പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രത്യേക യോഗം ചേര്‍ന്നേക്കും.
രാജ്യസഭാ, കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ജൂണ്‍ 18-ന് ശേഷം മാത്രമേ സിദ്ധരാമയ്യ രാജിവെക്കൂ എന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ഡല്‍ഹിയില്‍ മന്ത്രി കെ.ജെ. ജോര്‍ജിന്റെ വസതിയില്‍ അടുത്ത അനുയായികളുമായി നടത്തിയ ചര്‍ച്ചയില്‍, രാജി ഒട്ടും വൈകില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയതായാണ് വിവരം. ‘രാഹുല്‍ ഗാന്ധി ആവശ്യപ്പെടുമ്പോള്‍ സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണെന്ന് തുടക്കത്തിലേ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു, ഞാന്‍ ഉടന്‍ ഒഴിയും,’ എന്ന് സിദ്ധരാമയ്യ അടുത്ത മന്ത്രിമാരോട് പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.
പ്രിയങ്ക ഗാന്ധിയുടെ ശക്തമായ ഇടപെടലുകളിലൂടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടാകുന്ന ഈ തലമുറമാറ്റം വരുംദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊട്ടാരക്കെട്ടിനുള്ളില്‍ അജ്ഞാതന്‍; അലമാരയില്‍ നിന്നും കൊണ്ടു പോയത് അമൂല്യനിധി; തമ്പുരാട്ടിയുടെ രണ്ട് കോടിയുടെ അമൂല്യശേഖരം കവര്‍ന്നു; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം




