ക്യൂബയെ ശ്വാസംമുട്ടിച്ച് ട്രംപ്; എണ്ണ ഉപരോധവും റൗള്‍ കാസ്ട്രോയ്ക്കെതിരെയുള്ള കൊലക്കുറ്റവും ഭരണമാറ്റം ലക്ഷ്യമിട്ടോ?

വാഷിങ്ടണ്‍: ദശകങ്ങളായി നിലനില്‍ക്കുന്ന ശീതയുദ്ധത്തിന്റെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ച് അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഹവാനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കടുപ്പമേറിയ നീക്കങ്ങള്‍ നടത്തുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ ക്യൂബയ്ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക-സൈനിക-നിയമ സമ്മര്‍ദ്ദങ്ങളാണ് പ്രയോഗിക്കുന്നത്. കടുത്ത എണ്ണ ഉപരോധത്തിനും ഉപരോധങ്ങള്‍ക്കും പിന്നാലെ ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിക്കുന്ന പ്രതീകമായ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെ യു.എസ്. കോടതി കൊലക്കുറ്റത്തിന് കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ക്യൂബ തങ്ങള്‍ക്ക് കടുത്ത ‘ദേശീയ സുരക്ഷാ ഭീഷണി’ ഉയര്‍ത്തുന്നുവെന്നാണ് വാഷിങ്ടണിന്റെ വാദം. എന്നാല്‍, തങ്ങള്‍ക്കെതിരെയുള്ള സൈനിക അധിനിവേശത്തിന് ന്യായീകരണം കണ്ടെത്താന്‍ അമേരിക്ക ഇല്ലാക്കഥകള്‍ ചമയ്ക്കുകയാണെന്ന് ക്യൂബ ആരോപിക്കുന്നു. കരീബിയന്‍ തീരത്ത് യു.എസ്. നിരീക്ഷണ വിമാനങ്ങളും യുദ്ധക്കപ്പലുകളും വട്ടമിട്ടു പറക്കുമ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്ന സൂചന നല്‍കി ട്രംപ് മുന്‍പ് നടത്തിയ ‘സൗഹൃദപരമായ ഏറ്റെടുക്കല്‍’ (എൃശലിറഹ്യ ഠമസലീ്‌ലൃ) എന്ന പ്രയോഗം ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
94-കാരനായ റൗള്‍ കാസ്ട്രോയ്ക്കെതിരെ 30 വര്‍ഷം മുന്‍പുള്ള ഒരു സംഭവത്തിന്റെ പേരിലാണ് അമേരിക്ക ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. 1996 ഫെബ്രുവരിയില്‍ മിയാമിയില്‍ നിന്നുള്ള ക്യൂബന്‍ പ്രവാസികളുടെ രണ്ട് ചെറുവിമാനങ്ങള്‍ ക്യൂബന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട കേസാണിത്. അന്ന് മൂന്ന് യു.എസ്. പൗരന്മാരടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ആക്രമണം നടന്നതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, രാജ്യസുരക്ഷ മുന്‍നിര്‍ത്തി സ്വന്തം വ്യോമാതിര്‍ത്തിയിലാണ് നടപടിയെന്നാണ് ക്യൂബയുടെ വിശദീകരണം. ഈ കേസില്‍ റൗള്‍ കാസ്ട്രോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
കേവലം ഒരു നിയമനടപടിയെന്നതിനപ്പുറം ക്യൂബയുടെ ഭരണസംവിധാനത്തിന്റെ നട്ടെല്ലൊടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ക്യൂബന്‍ സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് അവിടുത്തെ ജനറല്‍മാര്‍ നടത്തുന്ന ‘ഗേസ’ (ഏഅഋടഅ) എന്ന നിഴല്‍ സൈനിക കൂട്ടായ്മയാണ്. ‘ക്യൂബ നിയന്ത്രിക്കുന്നത് ഒരു വിപ്ലവമല്ല, മറിച്ച് രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായ ‘ഗേസ’ എന്ന അഴിമതിക്കാരായ ഭരണവര്‍ഗ്ഗമാണ്.’ എന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തുറന്നടിച്ചതോടെ അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമായിക്കഴിഞ്ഞു. ഈ സൈനിക സാമ്പത്തിക ശക്തിയെ തകര്‍ത്താല്‍ മാത്രമേ ക്യൂബയില്‍ ഭരണമാറ്റം സാധ്യമാകൂ എന്ന് വാഷിങ്ടണ്‍ കണക്കുകൂട്ടുന്നു.
അമേരിക്കയുടെ നീക്കങ്ങള്‍ക്ക് തൊടുന്യായമായി മാറിയിരിക്കുന്നത് അടുത്തിടെ പുറത്തുവന്ന ചില രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ്. ക്യൂബയുടെ പക്കല്‍ മുന്നൂറോളം ഡ്രോണുകള്‍ ഉണ്ടെന്നും, അമേരിക്കയുടെ തീരപ്രദേശങ്ങളായ കീ വെസ്റ്റ്, ഗ്വാണ്ടനാമോ ബേ തുടങ്ങിയ താവളങ്ങളെ ആക്രമിക്കാന്‍ ഹവാനയില്‍ ഇറാനിയന്‍ സൈനിക ഉപദേശകരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കരീബിയന്‍ മേഖലയില്‍ യു.എസ്. സൈന്യം നിരീക്ഷണം ശക്തമാക്കി. തങ്ങളുടെ വിമാനങ്ങളുടെ ലൊക്കേഷന്‍ ട്രാക്കിങ് മനഃപൂര്‍വ്വം ഓണ്‍ ചെയ്തിട്ടാണ് യു.എസ്. സേന പറക്കുന്നത്. തങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന ശക്തമായ മുന്നറിയിപ്പ് ക്യൂബയ്ക്ക് നല്‍കുകയാണ് ഇതിലൂടെ അമേരിക്ക ചെയ്യുന്നത്. എന്നാല്‍, തങ്ങള്‍ക്ക് യുദ്ധ താല്പര്യമില്ലെന്നും സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ ജനങ്ങളെ സജ്ജരാക്കുകയാണെന്നുമാണ് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വ്യക്തമാക്കുന്നത്.
ഇരുട്ടിലായ ദ്വീപ്; പട്ടിണിയും പ്രതിഷേധവും
പ്രതികാര ബുദ്ധിയോടെയുള്ള ട്രംപിന്റെ എണ്ണ ഉപരോധം ക്യൂബയെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്. ക്യൂബയ്ക്ക് ഇന്ധനം നല്‍കിയിരുന്ന വെനിസ്വേല, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ ട്രംപ് കടുത്ത നികുതി ഭീഷണികളിലൂടെ പിന്തിരിപ്പിച്ചു. ഇതോടെ രാജ്യത്ത് മാസങ്ങളായി കടുത്ത വൈദ്യുതിക്ഷാമവും ബ്ലാക്കൗട്ടുമാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും സ്‌കൂളുകളും ഓഫീസുകളും അടച്ചിടേണ്ടി വരികയും ചെയ്തു.
ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനുമായി ജനങ്ങള്‍ തെരുവില്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിക്കുകയാണ്. ഹവാനയിലെ തെരുവുകളില്‍ മാലിന്യങ്ങള്‍ കത്തിച്ചും ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും ജനങ്ങള്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളുടെ ഈ അമര്‍ഷം ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. മാനുഷിക സഹായമായി 100 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് യു.എസ്. അറിയിച്ചെങ്കിലും, അത് സര്‍ക്കാര്‍ വഴിയല്ലാതെ കത്തോലിക്കാ സഭയിലൂടെയും സ്വതന്ത്ര സംഘടനകളിലൂടെയും മാത്രമേ വിതരണം ചെയ്യൂ എന്ന കടുത്ത നിബന്ധന വെച്ചതോടെ ക്യൂബ അത് നിരസിക്കുകയായിരുന്നു.
ക്യൂബയുടെ രക്ഷയ്ക്ക് റഷ്യയും ചൈനയും
അമേരിക്കയുടെ ഈ ഏകപക്ഷീയമായ കടന്നാക്രമണത്തിനെതിരെ ക്യൂബയുടെ പരമ്പരാഗത സഖ്യകക്ഷികളായ റഷ്യയും ചൈനയും ശക്തമായ ഭാഷയില്‍ രംഗത്തുവന്നിട്ടുണ്ട്. ഭീഷണികളിലൂടെയും ഉപരോധങ്ങളിലൂടെയും ഒരു രാജ്യത്തെ അടിച്ചമര്‍ത്തുന്ന യു.എസ്. ശൈലിയെ ചൈന അപലപിച്ചപ്പോള്‍, റൗള്‍ കാസ്ട്രോയ്ക്കെതിരെയുള്ള നടപടി ക്രൂരമായ അക്രമത്തിന് തുല്യമാണെന്നാണ് ക്രെംലിന്‍ വക്താവ് പ്രതികരിച്ചത്.
റഷ്യയില്‍ നിന്നുള്ള ഒരൊറ്റ എണ്ണക്കപ്പല്‍ മാത്രമാണ് നിലവില്‍ ഉപരോധം മറികടന്ന് ക്യൂബയില്‍ എത്തിയിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ക്യൂബ നേരിടുന്ന ഏറ്റവും വലിയ നിലനില്‍പ്പ് ഭീഷണിയാണിത്. സാമ്പത്തികമായി പാപ്പരായ, വൈദ്യുതിയില്ലാത്ത, ജനങ്ങള്‍ തെരുവില്‍ കലാപം നടത്തുന്ന ഒരു ക്യൂബയെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഹവാനയിലെ കമ്മ്യൂണിസ്റ്റ് കോട്ട തകരുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകള്‍ കരീബിയന്‍ കടലിടുക്കില്‍ മറ്റൊരു ചോരപ്പുഴയ്ക്ക് കാരണമാകുമോ എന്നാണ് ലോകം ഇപ്പോള്‍ ഭീതിയോടെ നോക്കിക്കാണുന്നത
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.