തിരുവനന്തപുരം: നാലരമാസം, 14 ട്രാപ് കേസുകൾ. അഴിമതിക്കെതിരെ കുരിശുയുദ്ധവുമായി സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. 2026 ജനുവരി ഒന്നു മുതൽ മെയ് 15 വരെയുള്ള കാലയളവിൽ 14 ട്രാപ്പ് കേസുകളാണ് വിജിലൻസ് വിജയകരമായി നടപ്പിലാക്കിയത്. ഈ ട്രാപ്പുകളിലായി കുടുങ്ങിയത് ഇരുപതോളം സർക്കാർ ഉദ്യോഗസ്ഥരും.
കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുന്നതിനാണ് വിജിലൻസ് ഭാഷയിൽ ‘ട്രാപ്പ് ‘എന്ന് പറയുന്നത്. കൈക്കൂലിയായി നൽകുന്ന നോട്ടുകളുടെ നമ്പർവരെ രേഖപ്പെടുത്തി, നോട്ടുകളിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി, മറ്റേതെങ്കിലും വകുപ്പിലെ രണ്ട് ഗസറ്റഡ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ നടത്തുന്ന ഈ ‘ഓപ്പറേഷൻ’ വിജയിച്ചാൽ പിടിയിലാകുന്ന ഉദ്യോഗസ്ഥർക്ക് കോടതിയിൽ ശിക്ഷ ഉറപ്പാണ്.
വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റശേഷം വിജിലൻസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായിട്ടുണ്ട്. പോലീസിൽനിന്നും വിജിലൻസിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പരിശോധിച്ചു മാത്രമേ ഡയറക്ടർ അവരെ വിജിലൻസിൽ നിയമിക്കാറുള്ളു.
വിജിലൻസിലെ പോലീസ് സൂപ്രണ്ട്മാർക്കും യൂണിറ്റ് ഡിവൈ എസ് പി മാർക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള എല്ലാ അനുമതിയും ഡയറക്ടർ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അടിക്കടി വിജയകരമായ ട്രാപ്പുകൾ ഉണ്ടാകുന്നതും.
അഴിമതിക്കെതിരെ സമഗ്രമായ ബോധവൽക്കരണമാണ് വിജിലൻസ് ഇപ്പോൾ നടത്തിവരുന്നത്. അഴിമതി കണ്ടാൽ അറിയിക്കാനുള്ള ഡയറക്ടറുടെ ആഹ്വാനവും ഉണ്ട്.1064 എന്ന ടോൾഫ്രീ നമ്പരാണ് ഇതിനായി വിജിലൻസ് ഒരുക്കിയിട്ടുള്ളത്.
ജനുവരി 22ന് രണ്ട് കേസുകളുമായാണ് വിജിലൻസ് ഈ വർഷത്തെ ട്രാപ്പ് കേസുകൾക്ക് തുടക്കമിടുന്നത്. വസ്തു പോക്കു വരവ് ചെയ്തു നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ലേബർ ലൈസൻസ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ ലേബർ ഓഫീസറുമാ ണ് വിജിലൻസിന്റെ ‘ഡബിൾ ഹിറ്റ് ‘ൽ അന്ന് കുടുങ്ങിയത്.
വസ്തു പോക്ക് വരവിന് 2000 രൂപ കൈക്കൂലി വാങ്ങിയ കോട്ടയം ഇളംങ്ങുളം വില്ലേജ് ഓഫീസറും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഒ എൻ എസ് വിഷ്ണു, ലേബർ ലൈസൻസ് പുതുക്കുന്നതിന് 1500 രൂപ കൈക്കൂലി വാങ്ങിയ അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസിലെ സീനിയർ ക്ലർക്കും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ സുരാജ് നാരായണൻ എന്നിവരാണ് അന്ന് വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയത്. വിജിലൻസ് കോട്ടയം, എറണാകുളം യൂണിറ്റുകളിലെ ഡിവൈ എസ് പി മാരുടെ നേതൃത്വത്തി ലായിരുന്നു ട്രാപ്പ്.
ഇന്നലെ രാത്രിയിലായിരുന്നു പതിനാലാമത്തെ ട്രാപ്പ്. വനം വകുപ്പിന്റെ കേസിൽനിന്നും ഒഴിവാക്കാനായി ഒരു റസ്റ്റോറന്റ് മാനേജറിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ സി പി ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസറും എറണാകുളം പിറവം സ്വദേശിയുമായ ജിമ്മി സ്ക്കറിയ എന്നിവരാണ് ഇന്നലെ പിടിയിലായത്. വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു ട്രാപ്പ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുഞ്ഞിന്റെ ചികിത്സയ്ക്കായി വീടുവിട്ടിറങ്ങി; ഒടുവില്‍ അഞ്ചുപേരും മരണത്തിന്റെ ആഴങ്ങളിലേക്ക്; വടുതലയിലെ വാടകവീട്ടില്‍ അശ്വതിയും അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍; കണ്ണീരിലായി വിളപ്പില്‍ശാലയും





