തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കേരളത്തെ അതീവ ഗുരുതരമായ ഭരണപ്രതിസന്ധിയിലേക്ക് തള്ളവിടുന്നു. ഖജനാവ് ഏതാണ്ട് പൂര്‍ണ്ണമായും ശൂന്യമായ നിലയിലാണെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ മുടങ്ങുമെന്നും ധനവകുപ്പ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഭരണത്തലപ്പത്ത് ആരുമില്ലാത്ത അവസ്ഥ മുതലെടുത്ത് പല വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ തോന്നുംപടി പ്രവര്‍ത്തിക്കുന്നത് ജനജീവിതത്തെ ബാധിച്ചുതുടങ്ങി.
സംസ്ഥാനത്തെ ദൈനംദിന ഭരണകാര്യങ്ങള്‍ പൂര്‍ണ്ണമായും നിലച്ച മട്ടാണ്. കാലവര്‍ഷം എത്താറായിട്ടും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ ഏകോപനമില്ലാത്തത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. കൂടാതെ, സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടാന്‍ പോലും മന്തിസഭയില്ലാത്തത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണ്. എസ്എസ്എല്‍സി ഫലപ്രഖ്യാപനം വൈകുന്നത് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തെയും തുടര്‍പഠനത്തെയും ബാധിക്കുമെന്നുറപ്പായി. പരീക്ഷാ ഭവനും വിദ്യാഭ്യാസ വകുപ്പും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ കൈകെട്ടി നില്‍ക്കുകയാണ്. വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും നിര്‍ണ്ണായക ഫയലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാത്തത് ഭരണസ്തംഭനത്തിന്റെ ആഴം വ്യക്തമാക്കുന്നു. പല ഉന്നത ഉദ്യോഗസ്ഥരും ഈ അനിശ്ചിതത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
അധികാരമേല്‍ക്കും മുന്‍പേ യുഡിഎഫ് അനുകൂല സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥതലത്തില്‍ വ്യാപകമായ പ്രതികാര നടപടികള്‍ ആരംഭിച്ചതായും പരാതിയുണ്ട്. തങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റുന്ന പ്രവണത സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ശക്തമാണ്. ചില യുഡിഎഫ് നേതാക്കള്‍ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും ഭീതിക്കും കാരണമായിട്ടുണ്ട്.
പൊലീസ് സേനയിലും സമാനമായ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന പാലനത്തിനായി മാറ്റിയ ഉദ്യോഗസ്ഥരെ പെരുമാറ്റച്ചട്ടം മാറിയിട്ടും തിരികെ നിയമിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ വരുന്നത് കാത്ത് ഉന്നത ഉദ്യോഗസ്ഥര്‍ മാറ്റങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഐപിഎസ് തലപ്പത്തും വലിയ അഴിച്ചുപണി പ്രതീക്ഷിക്കുന്നതിനാല്‍ ക്രമസമാധാന പാലനത്തില്‍ ആവശ്യമായ ജാഗ്രത കുറയുന്നതായും വിമര്‍ശനമുണ്ട്.
സ്ഥാനക്കയറ്റം കാത്തിരിക്കുന്ന ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് മറ്റൊരു ദുരിതബാധിതര്‍. പുതിയ സര്‍ക്കാര്‍ വന്ന് സ്ഥാനക്കയറ്റ പട്ടികയില്‍ ഒപ്പിടാത്തതിനാല്‍ പലരും അര്‍ഹമായ തസ്തികയിലിരുന്ന് വിരമിക്കാന്‍ കഴിയാതെ പടിയിറങ്ങേണ്ടി വരുന്ന സാഹചര്യമാണ്. സ്കൂള്‍ പ്രവേശന സമയത്ത് തങ്ങളുടെ കുട്ടികളുടെ പഠനസൗകര്യം മുന്‍നിര്‍ത്തി സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവരും വലിയ നിരാശയിലാണ്.
ഖജനാവിന്റെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. തിരഞ്ഞെടുപ്പ് ചെലവുകളും മറ്റ് ബാധ്യതകളും കാരണം ട്രഷറി നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ച് സംസാരിക്കാനോ പുതിയ കടമെടുപ്പ് പരിധിക്കായി സമ്മര്‍ദ്ദം ചെലുത്താനോ രാഷ്ട്രീയ നേതൃത്വമില്ലാത്തത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുംതോറും സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.
ഘടകകക്ഷികള്‍ക്കിടയിലെ തര്‍ക്കവും ഗ്രൂപ്പ് പോരും കാരണമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത്. സതീശന്-വേണുഗോപാല്‍-ചെന്നിത്തല ത്രികോണ പോരില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഈ അധികാര വടംവലിക്ക് വലിയ വില നല്‍കേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. ഓരോ ദിവസം വൈകുംതോറും ഭരണയന്ത്രം തുരുമ്പിച്ച അവസ്ഥയിലേക്ക് മാറുകയാണ്.
സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലെല്ലാം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം മരവിപ്പിച്ചു. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക കൂടിവരുന്നതും നിര്‍മ്മാണ മേഖലയെ തളര്‍ത്തുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മരുന്ന് വാങ്ങുന്നതിനും മറ്റുമുള്ള ഫണ്ടുകള്‍ അനുവദിക്കാത്തത് ആരോഗ്യമേഖലയെയും ബാധിച്ചുതുടങ്ങി.
ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉടന്‍ തിരുവനന്തപുരത്തെത്തി പ്രശ്നപരിഹാരം നടത്തിയില്ലെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ ഭരണപ്രതിസന്ധിക്കായിരിക്കും ഈ മാസം സാക്ഷ്യം വഹിക്കുക. ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ അത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. യുഡിഎഫ് നേതൃത്വം ഈ ഗൗരവം ഉള്‍ക്കൊണ്ട് എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ഷെയ്ഖ് ഷാജഹാന്’ മാതൃകയാകും; ഐ.പി. ബിനുവും സംഘവും അഴിക്കുള്ളില്‍ കഴിയേണ്ടി വരിക വര്‍ഷങ്ങളോ? ഇ.ഡി നിലപാട് കടുപ്പിക്കുന്നു; സി.ബി.ഐ കൂടി എത്തിയാല്‍ കളി മാറും; ബംഗാളില്‍ കേന്ദ്ര ഏജന്‍സിയെ തൊട്ടവര്‍ ഇന്നും ജയിലില്‍; തിരുവനന്തപുരത്തെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് വിനയാകും; രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വാദം ജാമ്യം തടയാന്‍ ആയുധമാക്കാന്‍ പ്രൊസിക്യൂഷന്.





