നേമത്തെ സ്ഥാനാര്‍ത്ഥി ഞാനാണെന്ന് പറയാന്‍ ഒരാള്‍ക്ക മാത്രമായി കഴിയുമോ എന്ന ആര്‍ എസ് എസ് ചോദ്യം നിര്‍ണ്ണായകമായി; ഏകാധിപത്യം അംഗീകരിക്കില്ലെന്ന ശാസന; തിരുവനന്തപുരത്ത് വി.വി. രാജേഷ് യുഗം; അവസാന നിമിഷം ‘ശ്രീലേഖാ പ്ലാന്‍’ പൊളിച്ചത് പരിവാറിന്റെ ഉറച്ച നിലപാട്; നല്‍കുന്നത് രാജീവ് ചന്ദ്രശേഖര്‍ അവസാന വാക്കല്ലെന്ന സന്ദേശം

തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പറേഷന്റെ അമരത്തേക്ക് ബിജെപിയുടെ അഡ്വ. വി.വി. രാജേഷ് എത്തുമ്പോള്‍, പാര്‍ട്ടിയില്‍ അരങ്ങേറിയത് നാടകീയമായ അധികാര വടംവലികള്‍. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ മേയറാക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങള്‍ അവസാന നിമിഷം ആര്‍എസ്എസ് ഇടപെടലിലൂടെ തകരുകയായിരുന്നു.

മേയര്‍ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയിരുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വലിയ നിരാശയിലാണ്. മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാതെ അവര്‍ ഉടന്‍തന്നെ മടങ്ങിയത് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി മത്സരിക്കേണ്ടതില്ലായിരുന്നു എന്ന നിലപാടിലാണ് അവരിപ്പോള്‍. ശ്രീലേഖയെ അനുനയിപ്പിക്കാനായി വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റോ ദേശീയ വനിതാ കമ്മീഷന്‍ പദവിയോ ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ കര്‍ശന നിലപാടാണ് നിര്‍ണ്ണായകമാവുക.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും ആര്‍എസ്എസ് നിലപാടിന് മുന്നില്‍ വഴങ്ങേണ്ടി വന്നു. ശതാബ്ദി വര്‍ഷത്തില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള ഒരാള്‍ തന്നെ മേയറാകണമെന്ന പ്രാന്ത പ്രചാരക് സുദര്‍ശനന്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശമാണ് വി.വി. രാജേഷിനെ തുണച്ചത്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയാണെന്ന വിലയിരുത്തലും ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ നഗരഭരണം പിടിക്കാന്‍ ചുക്കാന്‍ പിടിച്ച സംഘപരിവാര്‍ നേതൃത്വം മേയര്‍ സ്ഥാനവും സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കുകയായിരുന്നു.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണചക്രം ബിജെപി കയ്യിലേറ്റുവാങ്ങിയപ്പോള്‍ പാര്‍ട്ടിനുള്ളില്‍ പുകയുന്നത് കടുത്ത അതൃപ്തിയാണ്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഔദ്യോഗിക പക്ഷവും മുന്നോട്ടുവെച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേര് വെട്ടി, വി.വി. രാജേഷിനെ മേയറാക്കിയ ആര്‍എസ്എസ് നിലപാടാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. ആര്‍. ശ്രീലേഖ മേയറാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി ഉറപ്പുനല്‍കിയിരുന്നു. ഇത് അംഗീകരിപ്പിക്കാനായി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതൃത്വത്തെ കണ്ടെങ്കിലും ഫലം മറിച്ചായിരുന്നു. ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തില്‍ സംഘടനയുമായി നേരിട്ട് ബന്ധമുള്ള ഒരാള്‍ തന്നെ മേയറാകണമെന്ന പരിവാര്‍ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ ബിജെപി നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന പരാതി ആര്‍എസ്എസിനുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വോട്ട് വിഹിതം കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയാണെന്ന് ആര്‍എസ്എസ് കേന്ദ്രത്തെ അറിയിച്ചതും രാജേഷിന്റെ സ്ഥാനലബ്ധിക്ക് കാരണമായി. നേമത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരിച്ചടിയായി. നേമത്തെ നിയമസഭാ സ്ഥാനാര്‍ത്ഥി താനാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് എങ്ങനെ സാധ്യമാകുമെന്ന് രാജീവിനോട് ആര്‍ എസ് എസ് ചോദിക്കുക കൂടിയാണ് ഇതിലൂടെ. കൂട്ടായ തീരുമാനം അവിടേയും വേണമെന്നാണ് ആവശ്യം.

തിരുവനന്തപുരം പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ആര്‍എസ്എസ് ആയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ തങ്ങള്‍ക്ക് മേയറെ നിശ്ചയിക്കാനും അവകാശമുണ്ടെന്ന് സംഘപരിവാര്‍ ഉറച്ച നിലപാടെടുത്തു. ദക്ഷിണ വിഭാഗം പ്രാന്ത പ്രചാരക് സുദര്‍ശനന്‍ എടുത്ത കര്‍ക്കശമായ നിലപാടാണ് വി.വി. രാജേഷിന് വഴിയൊരുക്കിയത്. ഡെപ്യൂട്ടി മേയറായി ആശാ നാഥിനെ നിശ്ചയിച്ചതും ആര്‍എസ്എസ് തന്നെയാണ്. താന്‍ മേയറാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആര്‍. ശ്രീലേഖയും അനുകൂലികളും വലിയ നിരാശയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ കേന്ദ്ര തീരുമാനം വന്നതോടെയാണ് രാജീവ് ചന്ദ്രശേഖര്‍ പക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി എസ്. സുരേഷിനെതിരെയുള്ള ആര്‍എസ്എസിന്റെ അമര്‍ഷവും രാജേഷിന് അനുകൂല ഘടകമായി മാറി.

മേയര്‍ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

  • 100 അംഗ കൗണ്‍സിലില്‍ 51 വോട്ടുകള്‍ നേടിയാണ് വി.വി. രാജേഷ് ചരിത്ര വിജയം കുറിച്ചത്.
  • ബിജെപിയുടെ 50 അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനും ബിജെപിക്ക് വോട്ട് ചെയ്തു.
  • കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ ഒപ്പിട്ടതിലെ പിഴവ് മൂലം അസാധുവായി.
    കോണ്‍ഗ്രസ് വിമതന്‍ സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ദൈവനാമത്തിലുള്ള ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ സിപിഎം പരാതി നല്‍കിയെങ്കിലും കളക്ടര്‍ അനു കുമാരി അത് തള്ളി. ഡെപ്യൂട്ടി മേയറായി കരുമം വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ ആശാ നാഥ് തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ കൈയൊപ്പ് ‘വയോമിത്ര’ത്തിന്

മേയറായി ചുമതലയേറ്റ ശേഷം ‘വയോമിത്രം’ പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിക്കുന്ന ഫയലിലാണ് വി.വി. രാജേഷ് ആദ്യമായി ഒപ്പിട്ടത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ടൂറിസം വികസനത്തിനും മുന്‍ഗണന നല്‍കുമെന്നും 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിലെത്തി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കാനും ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഒരിനത്തിന് തിരുവനന്തപുരം വേദിയാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്നും മേയര്‍ കൂട്ടിചേര്‍ത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.