അനൂപ് ജേക്കബിനേയും സിപി ജോണിനേയും മന്ത്രിയാക്കുമോ? വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് തിരിച്ചുപിടിച്ചേക്കും; സ്വതന്ത്രരെ മന്ത്രിമാരാക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നതിനിടെ, വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ സജീവം. ‘ന്യൂനപക്ഷ പ്രീണനം’ എന്ന രാഷ്ട്രീയ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇത്തവണ അതീവ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി കാലങ്ങളായി മുസ്ലിം ലീഗ് കൈവശം വെച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ലീഗിന് ആരോഗ്യവകുപ്പ് നല്‍കുന്നതിനെക്കുറിച്ചാണ് പ്രാഥമിക ധാരണ.

വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നതിനെതിരെ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രമുഖ സമുദായ സംഘടനകള്‍ പണ്ടും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഭൂരിപക്ഷ സമുദായങ്ങളുടെ ആശങ്ക അകറ്റാനാണ് കോണ്‍ഗ്രസ് ഇത്തവണ നേരിട്ട് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആലോചിക്കുന്നത്. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ആര്‍ക്കും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

മുന്നണിയിലെ എല്ലാ ഘടകകക്ഷികളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതാണ് യുഡിഎഫ് രീതി. എന്നാല്‍ ഇത്തവണ ഈ പതിവ് തുടരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു സീറ്റില്‍ മാത്രം വിജയിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിലെ അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം നല്‍കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതുപോലെ, സിഎംപി നേതാവ് സി.പി. ജോണിനെയും പരിഗണനയില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിന് ടേം വ്യവസ്ഥ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

വിജയിച്ച സ്വതന്ത്രരില്‍ പലരും മന്ത്രിമോഹികളാണെങ്കിലും, അവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ ഉറപ്പാക്കുന്നതിന് മറ്റ് വഴികള്‍ തേടാനാണ് കോണ്‍ഗ്രസ് തീരുമാനം.

എല്ലാ ഘടകകക്ഷികളെയും ഒപ്പം നിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന് പരമാവധി 10 മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ എടുക്കാന്‍ കഴിയൂ എന്ന വിലയിരുത്തലുമുണ്ട്. നിലവിലെ സൂചന പ്രകാരം മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായേക്കും. ലീഗിന് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ അഞ്ചാം മന്ത്രി പദവിക്കായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ധാരണകള്‍ വീണ്ടും മാറും.

ഡല്‍ഹിയില്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രമേ വകുപ്പ് വിഭജനത്തില്‍ അന്തിമ വ്യക്തത വരികയുള്ളൂ. കെപിസിസി നേതൃത്വവും എഐസിസിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഫോര്‍മുലയില്‍ ഘടകകക്ഷികള്‍ എത്രത്തോളം തൃപ്തരാകുമെന്നതിനെ ആശ്രയിച്ചിരിക്കും മന്ത്രിസഭാ രൂപവത്കരണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.