സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എയായി ഫാത്തിമ തഹ്ലിയ. പേരാമ്പ്ര മണ്ഡലത്തിൽ 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ എല്‍.ഡി.എഫിന്റെ ടി.പി രാമകൃഷ്ണൻ 76342 വോട്ടുകളും, എൻ.ഡി.എയുടെ എം.മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടിയപ്പോൾ ഫാത്തിമ തഹ്ലിയയ്ക്ക് 81429 വോട്ടുകളാണ് ലഭിച്ചത് .
ലീഗിൻ്റെ ആദ്യ വനിതാ എംഎല്‍എ ആയതിനെ നിയോഗമായി കാണുന്നുവെന്നാണ് ഫാത്തിമ തഹ്ലിയയുടെ ആദ്യ പ്രതികരണം . പേരാമ്പ്രയിലേത് സർക്കാരിൻ്റെ അധികാര മോഹത്തിനും, വർഗീയ പ്രചരണങ്ങൾക്കുമേറ്റ തിരിച്ചടിയാണെന്നും, പേരാമ്പ്ര മതേതര മണ്ഡലമാണെന്നും പറഞ്ഞ ഫാത്തിമ, ലീഗിൻ്റെ ആദ്യ വനിതാ എം.എൽ.എ എന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും കൂട്ടിച്ചേർത്തു.
രണ്ടു വനിതകളാണ് ഇത്തവണ മുസ്ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയില്‍ ഇടം നേടിയിരുന്നത് – കൂത്തുപറമ്പില്‍ നിന്ന് ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയയും. ചരിത്രജയം നേടിയതോടെ, ലീഗിനു ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലൊന്നിൽ പാർട്ടിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് തഹ്ലിയ എത്തുമോ എന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം വീണ്ടും പിടിച്ചെടുത്ത് കസ്റ്റംസ്
ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ഡി.സി.സി അംഗത്വം നൽകാൻ നീക്കം




