കോഴിക്കോട്: ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്ന യുഡിഎഫ് പ്രവർത്തകരുടെ ആരോപണം തള്ളി സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് യുഡിഎഫ് നേതൃത്വം ശക്തമായി രംഗത്തെത്തിയെങ്കിലും, താൻ എത്തിയപ്പോൾ കണ്ട കാര്യങ്ങൾ അവർ വ്യക്തമാക്കിയതോടെ വിവാദത്തിൽ ആശയക്കുഴപ്പമുയർന്നു.
വിവാദമായ മുറി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം അല്ലെന്നാണ് ഫാത്തിമ തഹ്‌ലിയയുടെ പക്ഷം. വരണാധികാരി തന്നെ മുൻകൂട്ടി വിളിച്ച് മുറി തുറക്കുന്ന കാര്യം അറിയിച്ചിരുന്നു.ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത്. താൻ അവിടെ എത്തുമ്പോൾ ഫോം 17-ന്റെ പരിശോധനയാണ് നടന്നിരുന്നത്. താൻ എത്തിയതോടെ ആ നടപടികൾ നിർത്തിവെച്ചു. അതിനാൽ അട്ടിമറി ശ്രമം നടന്നിട്ടില്ലെന്നാണ് സ്ഥാനാർത്ഥിയുടെ നിലപാട്.
യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് റിട്ടേണിങ് ഓഫീസറും വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച ‘മെറ്റീരിയൽ റൂം’ ആണ് തുറന്നത്. ഇത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ലെന്നും ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നതെന്നും അധികൃതർ അറിയിച്ചു.
രണ്ടാം ദിവസവും മൗനം തുടർന്ന് പിണറായി വിജയൻ; കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക്; മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു
സ്ഥാനാർത്ഥി നിലപാട് വ്യക്തമാക്കിയെങ്കിലും, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും എംപി എം.കെ. രാഘവനും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.സ്‌ട്രോങ് റൂമിനോട് ചേർന്ന് മെറ്റീരിയൽ റൂം അനുവദിക്കാൻ പാടില്ലെന്ന് നേതാക്കൾ വാദിക്കുന്നു.സാധാരണയായി കേന്ദ്ര സേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് മറ്റുള്ളവർ കയറിയത് ദുരൂഹമാണെന്നും, അട്ടിമറിക്കുള്ള ശ്രമം നടക്കുന്നുണ്ടെന്നും എം.കെ. രാഘവൻ എംപി ആരോപിച്ചു.
സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും രണ്ട് തട്ടിലായതോടെ ഈ വിഷയം കോഴിക്കോട്ടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.


പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്ഷന്; ഞെട്ടിക്കുന്ന സംഭവം കൊച്ചിയില്‍





