വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; വി.ഡി. സതീശനായി ഇടുക്കിയിലും ഫ്ലക്സ് ബോർഡുകൾ; അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം

ഇടുക്കി: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോസ്റ്റർ യുദ്ധം പുതിയ തലങ്ങളിലേക്ക്. വി.ഡി. സതീശനെ അനുകൂലിച്ച് ഇടുക്കി തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയോടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്. ‘പട നയിച്ചവൻ നാടു നയിക്കും’, ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ’ എന്നിങ്ങനെയാണ് ബോർഡിലെ വാചകങ്ങൾ. ‘ടീം യുഡിഎഫ് തൊടുപുഴ’ എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണിത്.

അതേസമയം, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും യുഡിഎഫ് പ്രവർത്തകർ ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. ഷാജിയെ ‘നിയുക്ത എംഎൽഎ’ എന്ന് വിശേഷിപ്പിച്ചാണ് അവിടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും’ എന്ന വാചകങ്ങളും ബോർഡിലുണ്ട്.

 തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഇത്തരം ബോർഡുകളും അവകാശവാദങ്ങളും ഉയരുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഔദ്യോഗിക ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഗ്രൂപ്പ് വൈര്യം വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.