കെ.സിക്ക് തുലാഭാരം, സതീശന് ഫ്ലക്സ് ബോർഡ്; ചെന്നിത്തല ക്യാമ്പും രംഗത്ത്; ഒരേയൊരു ലക്ഷ്യം; മുഖ്യമന്ത്രിയാകാൻ ആര്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ ഉയർത്തിക്കാട്ടി അണികളും പ്രാദേശിക നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയത് പാർട്ടിയിൽ കടുത്ത ആഭ്യന്തര തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർത്തിക്കാട്ടുന്ന വിഭാഗം കടുത്ത വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി പാലക്കാട്ടെ ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്താൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 18-നാണ് വഴിപാട് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാനുള്ള തടസ്സങ്ങൾ നീങ്ങുന്നതിനാണ് ഈ വഴിപാടെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ വ്യക്തമാക്കി. ഇന്ദിരാഗാന്ധിയെ ഏമൂർ ക്ഷേത്രത്തിൽ കെ. കരുണാകരൻ ദർശനത്തിന് എത്തിച്ച ചരിത്രം ചൂണ്ടിക്കാട്ടിയാണ് അണികൾ ഇതിനെ ന്യായീകരിക്കുന്നത്.
കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം ഉൾപ്പെടെ വി.ഡി. സതീശനെ അനുകൂലിച്ച് വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ’ എന്ന പരാമർശത്തോടെയുള്ള പോസ്റ്ററുകൾ ‘സേവ് കോൺഗ്രസ് ഫോറം’ എന്ന പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്. മലപ്പുറം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലും വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് സമാനമായ ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനായി വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകളാണ് അദ്ദേഹത്തിന്റെ ക്യാമ്പ് നടത്തുന്നത്. പ്രത്യേക പ്രൊമോഷൻ വീഡിയോകൾ ഉൾപ്പെടെ ഇറക്കി ചെന്നിത്തലയുടെ പ്രതിച്ഛായ ഉയർത്താനാണ് നീക്കം. എന്നാൽ, മുഖ്യമന്ത്രി ചർച്ചകളിലെ കെപിസിസി നേതൃത്വത്തിന്റെ നിലപാടുകളിൽ ചെന്നിത്തല പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രജിൻ ബാബുവിന് നോട്ടീസ് നൽകിയത് ഉൾപ്പെടെയുള്ള നടപടികൾ അണികളിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപേയുള്ള ഈ പരസ്യപ്രചാരണങ്ങൾ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് ഏത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രവർത്തകർ നോക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.