ന്യൂ ഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സ്ഥാനം കടുത്ത ഭീഷണി നേരിടുകയാണെന്നും സഞ്ജു സാംസൺ പന്തിനെ മറികടന്ന് ടീമിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഐപിഎൽ സീസണിൽ ഫോം കണ്ടെത്താൻ പന്ത് നന്നായി ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ, സെലക്ടർമാർ സഞ്ജു സാംസണെ പ്രഥമ പരിഗണന നൽകി ടീമിലെടുക്കാൻ നീക്കം നടത്തുന്നതായി ദൈനിക് ജാഗ്രൻ വ്യക്തമാക്കുന്നു.
നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പരിക്കിനെത്തുടർന്ന് ദീർഘകാലം വിട്ടുനിന്ന പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ടീം മാനേജ്മെന്റ് ഇതുവരെ കണക്കാക്കിയിരുന്നത്. പരിക്കുകാരണം ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായത് പന്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അതേസമയം, 2026-ൽ ഇന്ത്യയിൽ വെച്ച് നടന്ന ട്വന്റി-20 ലോകകപ്പിൽ കിരീടം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ബിസിസിഐ സെലക്ടർമാർ ഇപ്പോൾ താല്പര്യപ്പെടുന്നത്. 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് മികച്ച ഒരു ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്.
ഇതിന്റെ ഭാഗമായി, ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനായ പന്തിനേക്കാൾ സഞ്ജുവിന്റെ നിലവിലെ മികവിനും ഫോമിനും മുൻഗണന നൽകുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിക്കുന്നു. പന്തിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഇതോടെ കൂടുതൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


മേയര്‍ പ്രഖ്യാപനം നടത്താതെ അതൃപ്തി പരസ്യമാക്കി രാജീവ് ചന്ദ്രശേഖര്‍; പ്രഖ്യാപിക്കാന്‍ എത്തിയ സുരേഷിന്റെ മുഖത്ത് മ്ലാനത; കരമന ജയനും ഊര്‍ജ്ജമില്ല; സംസ്ഥാന അട്ടിമറിയെ തകര്‍ത്തത് നാഗ്പൂരിലെ കരുതല്‍; വിവി രാജേഷിനെ മേയറാക്കുന്നത് ആര് എസ് എസ്
മാങ്ങാട്ടുകടവില്‍ ‘മീന്‍ കച്ചവടത്തിന്റെ’ മറവില്‍ ലഹരി മാഫിയ; സി.പി.എം നേതാവിന്റെ വീട് തകര്‍ത്തതിന് പിന്നില്‍ പാലത്തിന് സമീപത്തെ ഗുണ്ടാസംഘം? പിന്നില്‍ കഞ്ചാവും എം.ഡി.എം.എയും ഒഴുകുന്ന മാഫിയാ സംഘം; മലയിന്‍കീഴ് പെരുകാവില്‍ സംഭവിച്ചത്





