ബാറ്റിംഗില്‍ ‘പുകഞ്ഞ്’ പരാഗ്; ഡ്രസിംഗ് റൂമില്‍ ഇ-സിഗരറ്റ്! അച്ചടക്ക നടപടിക്ക് ബിസിസിഐ; രാജസ്ഥാന്‍ നായകന് പണികിട്ടുമോ?

ചണ്ഡീഗഡ്: രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം മലയാളി താരം സഞ്ജു സാംസണില്‍ നിന്ന് റിയാന്‍ പരാഗിലേക്ക് മാറിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഒരു യുവനേതൃത്വത്തിന്റെ ഉദയമായിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് ഫോം കണ്ടെത്താന്‍ പാടുപെടുന്ന പരാഗ് ഇപ്പോള്‍ വില്ലനായിരിക്കുന്നത് ഡ്രസിംഗ് റൂമിലെ അച്ചടക്ക ലംഘനത്തിലൂടെയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന പരാഗിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ താരം വലിയൊരു ‘ക്രിമിനല്‍’ കുരുക്കിലേക്കാണ് നീങ്ങുന്നത്.
മുല്ലന്‍പൂരിലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ പതിനാറാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ക്യാമറ ഡ്രസിംഗ് റൂമിലേക്ക് തിരിഞ്ഞപ്പോള്‍, സഹതാരങ്ങളായ ധ്രുവ് ജുറേലിനും യശ്വസി ജയ്സ്വാളിനും ഒപ്പമിരുന്ന് പരാഗ് പുകവലിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഇന്ത്യയില്‍ നിര്‍മ്മാണവും വിതരണവും ഉപയോഗവും കര്‍ശനമായി നിരോധിച്ച ഒന്നാണ് ഇ-സിഗരറ്റ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.സ്റ്റേഡിയത്തിനുള്ളിലും ഡ്രസിംഗ് റൂമിലും പുകവലി പൂര്‍ണ്ണമായും നിരോധിച്ചിരിക്കെ, ഒരു ടീം നായകന്‍ തന്നെ നിയമം ലംഘിച്ചത് ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു വസ്തു ഡ്രസിംഗ് റൂമില്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിന് രാജസ്ഥാന്‍ റോയല്‍സ് മറുപടി പറയേണ്ടി വരും. നിരോധിച്ച ഉല്‍പ്പന്നം ഉപയോഗിച്ചതിന് നിയമപരമായ നടപടികള്‍ക്ക് പുറമെ ബിസിസിഐയുടെ കടുത്ത അച്ചടക്ക നടപടിയും പരാഗിനെ കാത്തിരിക്കുകയാണ്.
സീസണില്‍ ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പരാഗ് കാഴ്ചവെക്കുന്നത്. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 81 റണ്‍സ് മാത്രമാണ് നായകന്റെ സമ്പാദ്യം. പഞ്ചാബിനെതിരായ നിര്‍ണ്ണായക മത്സരത്തിലും 16 പന്തില്‍ 29 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. ഫോമില്ലായ്മയ്ക്ക് പിന്നാലെ ഇത്തരം വിവാദങ്ങള്‍ കൂടി എത്തിയത് താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയായേക്കാം. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ അച്ചടക്ക ലംഘനങ്ങള്‍ തുടരുന്നത് മാനേജ്മെന്റിനെയും പ്രതിസന്ധിയിലാക്കുന്നു. ഇതേ സീസണില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ടീം മാനേജര്‍ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മാനേജര്‍ക്ക് ഫോണ്‍ ഉപയോഗിച്ചതിന് പിഴയെങ്കില്‍, നിരോധിത പുകയില ഉല്‍പ്പന്നം ഉപയോഗിച്ച നായകന് അതിലും വലിയ ശിക്ഷ ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞ സീസണുകളില്‍ സഞ്ജു സാംസണിന്റെ കീഴില്‍ അച്ചടക്കത്തോടെ മുന്നേറിയ ടീമായിരുന്നു രാജസ്ഥാന്‍. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതോടെയാണ് 24-കാരനായ പരാഗിന് നായകസ്ഥാനം ലഭിച്ചത്. എന്നാല്‍ പക്വതയില്ലാത്ത പെരുമാറ്റം ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. പുകവലിക്കുന്ന ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കായിക താരങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും, പരസ്യമായി നിയമവിരുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കായിക പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പോലും ആരാധകര്‍ക്കിടയില്‍ ശക്തമാണ്.
വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും പഞ്ചാബിനെതിരെ ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ രാജസ്ഥാന് കഴിഞ്ഞു എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ മൈതാനത്തെ ഈ വിജയം ഡ്രസിംഗ് റൂമിലെ പരാഗിന്റെ പിഴവില്‍ മുങ്ങിപ്പോയിരിക്കുകയാണ്. ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റും മെഡിക്കല്‍ ടീമും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുമെന്നാണ് വിവരം. താരത്തിന് വലിയ തുക പിഴയായി ചുമത്താനോ അല്ലെങ്കില്‍ ചില മത്സരങ്ങളില്‍ നിന്ന് വിലക്കാനോ സാധ്യതയുണ്ട്. ഐപിഎല്‍ നിയമപ്രകാരം ‘ലെവല്‍ 1’ അല്ലെങ്കില്‍ ‘ലെവല്‍ 2’ കുറ്റമായി ഇത് കണക്കാക്കപ്പെട്ടേക്കാം.
റിയാന്‍ പരാഗിന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം സമയമാണിത്. ബാറ്റിംഗിലെ പരാജയവും മൈതാനത്തിന് പുറത്തെ ഇത്തരം അനാവശ്യ വിവാദങ്ങളും താരത്തെ വലിയൊരു സമ്മര്‍ദ്ദത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബിസിസിഐ എടുക്കുന്ന തീരുമാനം പരാഗിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഈ സീസണിലെ ഭാവി നിശ്ചയിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.