കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മോഷണം തുടരുന്നു. ദുരന്തബാധിതർ ഉപേക്ഷിച്ചുപോയ വീടുകൾ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർധിക്കുകയാണ്. മുണ്ടക്കൈ ഗവ. എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്.ടൗൺഷിപ്പിലേക്ക് താമസം മാറുമ്പോൾ പുതിയ വീട്ടിൽ ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
കട്ടിൽ, അലമാര, ജനൽ പാളികൾ, വാഷ് ബേസിൻ, ഷവർ എന്നിവയുൾപ്പെടെ ഏകദേശം 1.50 ലക്ഷം രൂപയുടെ സാധനങ്ങളാണ് സുൽത്താന്റെ വീട്ടിൽ നിന്നും മോഷ്ടാക്കൾ കൊണ്ടുപോയത്.
കഴിഞ്ഞയാഴ്ചയും ഇതേ പ്രദേശത്ത് മോഷണം നടന്നിരുന്നു. മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നും പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയിരുന്നു. കൂടാതെ പ്രദേശത്തെ കാർഷിക വിളകൾ മോഷണം പോകുന്നതും പതിവായിരിക്കുകയാണ്.
നിലവിൽ ഈ പ്രദേശം ‘നോ ഗോ സോൺ’ആയി പ്രഖ്യാപിച്ച മേഖലയാണ്. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്. നാട്ടുകാർക്ക് തങ്ങളുടെ പഴയ വീടുകൾ സന്ദർശിക്കണമെങ്കിൽ പോലും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. ചൂരൽമല ടൗണിൽ പൊലീസിന്റെ കർശന പരിശോധനയും നിലനിൽക്കുന്നുണ്ട്. ഇത്രയും സുരക്ഷാ സംവിധാനങ്ങൾക്കിടയിലും മോഷണം വ്യാപകമാകുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഒരു സംഘം തന്നെ മോഷണത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വീട്ടുടമസ്ഥരുടെ ആരോപണം. രാത്രികാലങ്ങളിൽ പൊലീസിന്റെ കർശനമായ പട്രോളിങ് ശക്തമാക്കണമെന്നും, കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രണയപ്പകയില് പെണ്കുട്ടി മെനഞ്ഞത് പീഡനകഥ; എട്ടംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോലീസിനെ വട്ടംചുറ്റിച്ച ‘കണ്ണൂര് ട്വിസ്റ്റ്’; പ്രതികാരത്തിന് 15-കാരി കാട്ടിക്കൂട്ടിയത് ഞെട്ടിക്കും കുബുദ്ധി





