ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളും സിവിൽ സർവീസ് പരീക്ഷാർത്ഥിയുമായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മുൻ ജോലിക്കാരൻ അറസ്റ്റിൽ. എട്ടുമാസത്തോളം യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന പത്തൊമ്പതുകാരനായ രാഹുൽ ആണ് ക്രൂരകൃത്യം നടത്തിയ ശേഷം പിടിയിലായത്. പ്രതിയെ ഡൽഹി ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്.
യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് രാഹുൽ വീട്ടിൽ അതിക്രമിച്ചു കയറിയത്. ജോലിക്കാർക്കായി വീട്ടുകാർ താക്കോൽ ഷൂ റാക്കിൽ വെക്കുന്ന വിവരം പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. ഈ താക്കോൽ ഉപയോഗിച്ച് അകത്തു കടന്ന പ്രതി നേരെ യുവതിയുടെ സ്റ്റഡി റൂമിലെത്തി. യുപിഎസ്സി പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരുന്ന യുവതിയോട് ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി ലാംപ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ചു. അബോധാവസ്ഥയിലായ യുവതിയെ മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം വീട്ടിൽ മോഷണം നടത്തിയ പ്രതി, സ്വന്തം രക്തം പുരണ്ട വസ്ത്രങ്ങൾ മാറി യുവതിയുടെ സഹോദരന്റെ വസ്ത്രം ധരിച്ചാണ് രക്ഷപ്പെട്ടത്.
അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ്; റിസോർട്ടിൽ ഒത്തുകൂടിയത് കവർച്ചയ്ക്കെന്ന് പോലീസ്
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന രാഹുൽ നേരത്തെ അയൽപക്കത്തെ ജോലിക്കാരിൽ നിന്നും മറ്റും പണം കടം വാങ്ങുന്നത് പതിവാക്കിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതികളിലാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അൽവാറിൽ വെച്ച് മറ്റൊരു യുവതിയെയും ഇയാൾ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ, മോഷണം മാത്രമായിരുന്നു ലക്ഷ്യം എന്ന പ്രതിയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
കൊല്ലപ്പെട്ട യുവതി അതീവ ബുദ്ധിമതിയായിരുന്നു. ഐഐടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയ യുവതി, അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മികച്ചൊരു നർത്തകി കൂടിയായിരുന്ന അവർ സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള കഠിനമായ തയ്യാറെടുപ്പിലായിരുന്നു. നാടിനെ നടുക്കിയ ഈ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.


ലഹരി മാഫിയയുമായി ബന്ധം: തിരുവനന്തപുരത്ത് സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ വകുപ്പുതല അന്വേഷണം





